കാഞ്ഞാർ- പുള്ളിക്കാനം റോഡിൽ ദുരിതയാത്ര
1461105
Tuesday, October 15, 2024 12:37 AM IST
മൂലമറ്റം: കാഞ്ഞാർ - പുള്ളിക്കാനം റോഡു നിർമാണത്തിനായി റോഡിൽ പാകിയ കട്ടകൾ വാഹന യാത്രക്കാർക്ക് ദുരിതം സൃഷ്ടിക്കുന്നു. കട്ടകൾ നിരത്തിയിട്ട് കോണ്ക്രീറ്റ് ചെയ്യാതിരുന്നത് മൂലമാണ് ഇവിടെ ഗതാഗതം ദുരിതത്തിലായത്.
കുന്പങ്ങാനം എസ് വളവിലാണ് കഴിഞ്ഞ ദിവസം റോഡിൽ അറ്റകുറ്റപ്പണിയുടെ ഭാഗമായി കട്ടകൾ നിരത്തിയത്. റോഡിൽ കട്ട നിരത്തിയ ശേഷം വശങ്ങളിലും കട്ടയുടെ വിടവിലും കോണ്ക്രീറ്റ് ചെയ്ത് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ ഇതു ചെയ്യാത്തതിനാൽ വാഹനങ്ങൾ ഓടി കട്ടകൾ പൂർണമായും ഇളകി. ഇതോടെ വാഹനങ്ങൾ ഓടാത്ത അവസ്ഥയായി.
കഴിഞ്ഞ ദിവസങ്ങളിൽ അവധിയായിരുന്നതിനാൽ വാഗമണ്ണിലേക്കുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങളും ചരക്കുവാഹനങ്ങളും ഇതു വഴിയാണ് സഞ്ചരിച്ചത്. ഇതോടെ കട്ടകൾ കൂടുതൽ ഇളകി റോഡ് ഗതാഗത യോഗ്യമല്ലാതായ നിലയിലാണ്. റോഡിന്റെ അവസ്ഥ മോശമായതോടെ ഇതു വഴി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസും ഇപ്പോൾ ഓടുന്നില്ല.
ദിവസേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. അധികൃതർ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.