യുഡിഎഫുമായി സഹകരിക്കും: ലീഗ്
1460130
Thursday, October 10, 2024 12:37 AM IST
തൊടുപുഴ: മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത യുഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചകളിലൂടെ പരിഹരിച്ചതായും ജില്ലയിൽ കോണ്‍ഗ്രസും യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും ലീഗ് ജില്ലാ കമ്മിറ്റി അറിയിച്ചു.
യുഡിഎഫ് സംസ്ഥാന സമിതി ചുമതലപ്പെടുത്തിയ സബ് കമ്മിറ്റി അംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എംഎൽഎ, അഡ്വ. മുഹമ്മദ് ഷാ എന്നിവർ തൊടുപുഴയിലെത്തി ജില്ലയിലെ കോണ്‍ഗ്രസ് , മുസ്ലീം ലീഗ് , കേരള കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് വി.ഡി. സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി,പി.ജെ. ജോസഫ് എന്നിവർ സബ്കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ജില്ലയിലെ യുഡിഎഫിൽ ഉണ്ടായ ഭിന്നതകൾക്ക് പരിഹാരം നിർദ്ദേശിച്ചതായും അടുത്ത ദിവസം ചേരുന്ന യുഡിഎഫ് ജില്ലാ സമിതിയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ ഉപസമിതിയംഗങ്ങളെ ചുമതലയേൽപിച്ചതായും അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് ജില്ലാ പ്രസിഡന്റ് കെ.എം.എ.ഷുക്കൂർ അറിയിച്ചു.