ദുബായ് മുനിസിപ്പാലിറ്റിയുമായി കരാർ : ഹില്ലി അക്വ കുപ്പിവെള്ള ഇനി കടൽ കടക്കും
1459170
Sunday, October 6, 2024 2:08 AM IST
തൊടുപുഴ: സർക്കാർ കുപ്പിവെള്ളമായ ഹില്ലി അക്വ ഇനി വിദേശത്തേക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗൾഫ് നാടുകളിലേക്ക് ഹില്ലി അക്വ കുപ്പിവെള്ളം കയറ്റി അയച്ചുതുടങ്ങും. ഇതിനായി ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനും കയറ്റുമതി കന്പനിയുമായുള്ള മൂന്നു വർഷ കരാറിൽ ഒപ്പു വച്ചു. മന്ത്രി റോഷി അഗസ്റ്റിൻ കന്പനി പ്രതിനിധികൾക്ക് കരാർ കൈമാറി.
ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഒരു കന്പനി ഗൾഫ് നാടുകളിലേക്ക് കുപ്പിവെള്ളം കയറ്റി അയയ്ക്കുന്നത്. അര ലിറ്റർ മുതൽ 20 ലിറ്റർ വരെയുള്ള കുപ്പികളിലും കാനുകളിലുമുള്ള വെള്ളമാണ് കയറ്റി അയയ്ക്കുന്നത്.
അരുവിക്കരയിലെ പ്ലാന്റിൽനിന്നും കാനുകളിലെ വെള്ളവും മലങ്കരയിലെ പ്ലാന്റിൽനിന്നും കുപ്പികളിലെ വെള്ളവുമാണ് കയറ്റി അയയ്ക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു കണ്ടെയ്നർ വെള്ളം കയറ്റി അയയ്ക്കും. മാസം 30 മുതൽ 40 ലക്ഷം രൂപയുടെ കുപ്പിവെള്ളം ആദ്യഘട്ടത്തിൽ കയറ്റി അയയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പിന്നീട് ഗൾഫ് വിപണിയുടെ സാധ്യതകൾ മനസിലാക്കിയ ശേഷം ദിവസേന 15,000 ലിറ്റർ കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്നതിലൂടെ 30 ശതമാനം വരെ അധിക ലാഭമാണ് കന്പനി ലക്ഷ്യമിടുന്നത്. ഇതിനായി ഉത്പാദനവും വർധിപ്പിക്കും.
വിദേശ രാജ്യത്തേക്ക് ഹില്ലി അക്വ കയറ്റി അയയ്ക്കുന്നതിനുള്ള നടപടി തുടങ്ങിയത് മാസങ്ങൾക്ക് മുൻപ് തിരുവന്തപുരത്ത് നടന്ന ഗ്ലോബൽ ട്രാവൽ മീറ്റിലാണ്. ഇവിടെ ഹില്ലി അക്വയുടെ സ്റ്റാൾ പ്രവർത്തിച്ചിരുന്നു. ഇവിടെയെത്തിയ ദുബായ് ആസ്ഥാനമായ എക്സ്പോർട്ടിംഗ് കന്പനിയായ ആരോഹണ ജനറൽ ട്രേഡിംഗ് എൽഎൽസി കുപ്പിവെള്ളം കയറ്റി അയയ്ക്കാനുള്ള താത്പര്യം ജലവിഭവ വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.
തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കി. കയറ്റുമതിക്ക് വേണ്ട ലൈസൻസായ ഇന്പോർട്ട്എക്പോർട്ട് കോഡ് നേടി. ദുബായ് മുനിസിപ്പാലിറ്റി അധികൃതർ ആദ്യം വീഡിയോ കോണ്ഫറൻസിലൂടെ കൂടിക്കാഴ്ചയും പിന്നീട് ഹില്ലി അക്വയുടെ മലങ്കരയിലെ പ്ലാന്റിലെത്തി പരിശോധനയും നടത്തി. ക്വാളിറ്റി കണ്ട്രോൾ വിഭാഗം രേഖകൾ പരിശോധിച്ചു.
പ്രകൃതിദത്തമായി ലഭിക്കുന്ന കുടിവെള്ളത്തിന്റെ ഗുണമേൻമ നേരിട്ടറിഞ്ഞ ഇവർ കയറ്റുമതിക്ക് അനുമതി നൽകുകയായിരുന്നു. ഗൾഫ് നാടുകളിൽ കടൽ വെള്ളം ശുദ്ധീകരിച്ചാണ് കുപ്പിവെള്ളം നിർമിക്കുന്നത്. കേരളത്തിൽനിന്നുള്ള പ്രകൃതിദത്ത കുടിവെള്ളത്തിന്റെ രുചിയും ഗുണവും അവിടെ വിപണി കീഴടക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമായും ഗൾഫ് മലയാളികളെയാണ് ലക്ഷ്യമിടുന്നത്.
ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കിഡ്ക്) ഹില്ലി അക്വ നിർമിച്ച് വിതരണം നടത്തുന്നത്.
തൊടുപുഴ മലങ്കരയിലും തിരുവനന്തപുരം അരുവിക്കരയിലുമുള്ള ഡാമുകളിലെ വെള്ളം ഉപയോഗിച്ച് ഇവിടങ്ങളിലെ പ്ലാന്റിലാണ് ഉത്പാദനം. വിപണിയിൽ മറ്റ് കന്പനികളുടെ കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപയുള്ളപ്പോൾ ഹില്ലി അക്വക്ക് 15 രൂപ മാത്രമേയുള്ളു.
സുജലം പദ്ധതിയിലൂടെ റേഷൻകടകളിലൂടെയും മറ്റും 10 രൂപയ്ക്കും കുപ്പിവെള്ളം നൽകുന്നുണ്ട്. ഇതിനു പുറമേ റെയിൽവേ സ്റ്റേഷനുകളിലും കുപ്പിവെള്ള വിൽപ്പന നടന്നുവരുന്നുണ്ട്. ഗുണമേൻമയും കൃത്യമായ വിപണി തന്ത്രങ്ങളും ഒത്തുചേർന്നപ്പോൾ കഴിഞ്ഞ സാന്പത്തിക വർഷം വിൽപ്പനയിൽ വലിയ വളർച്ചയുണ്ടായി. കയറ്റുമതി സജീവമാകുന്നതോടെ കൂടുതൽ വരുമാനമാണ് കന്പനി ലക്ഷ്യമിടുന്നതെന്ന് സീനിയർ ജനറൽ മാനേജർ വി. സജി പറഞ്ഞു.