ഇരട്ടയാറിൽ പേപ്പട്ടി ആക്രമണം
1458943
Saturday, October 5, 2024 2:32 AM IST
കട്ടപ്പന: പേപ്പട്ടിയുടെ ആക്രമണത്തിൽ വഴിയാത്രികനും വളർത്തുമൃഗത്തിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ഇരട്ടയാറിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പറയൻകവല - തുളസിപ്പാറ റോഡിലൂടെ നടന്നു പോകുമ്പോഴാണ് പറയൻകവല മുത്തനാട്ട് തോമസുകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.
കാലിനാണ് നായയുടെ കടിയേറ്റത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. ഇതിനു ശേഷമാണ് ഇരുവേലിക്കുന്നേൽ സിബിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന മൂരിക്കിടാവിനെ നായ ആക്രമിച്ചത്.
മുഖത്തും പിടലിയിലുമെല്ലാം കടിയേറ്റു. ഒരേ നായ തന്നെയാണ് ആക്രമണം നടത്തിയതെന്നും നായക്ക് പേവിഷബാധയുണ്ടെന്നുമാണ് സംശയം. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.