ശങ്കരപ്പിള്ളിയിൽ വീണ്ടും അപകടം: അമിതവേഗം തടയാൻ നടപടിയില്ല
1452826
Thursday, September 12, 2024 11:26 PM IST
മുട്ടം: സ്ഥിരം അപകട പാതയായ തൊടുപുഴ -പുളിയൻമല സംസ്ഥാന പാതയിലെ മുട്ടം ശങ്കരപ്പിള്ളിയിൽ വീണ്ടും അപകടം. ഇന്നലെ രാവിലെ 10.30 ഓടെ സ്വകാര്യ ബസും കാറും കൂടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ തൊടുപുഴ ചുങ്കം കണയനാനിക്കൽ പ്രിൻസ് ജോസഫ് (27), കുന്പംകല്ല് കിഴക്കൻപറന്പിൽ ആഷിക് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിൽനിന്നു തൊടുപുഴയ്ക്ക് വന്ന സ്വകാര്യ ബസും മൂലമറ്റം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മുട്ടം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
തൊടുപുഴ-മൂലമറ്റം റൂട്ടിൽ ദിവസേനയെന്നോളം നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. ബുധനാഴ്ച മുട്ടം കോടതി ജംഗ്ഷനിൽ സ്വകാര്യ ബസും കാറും സ്കൂട്ടറും കൂട്ടിയിടിച്ചിരുന്നു. എന്നാൽ കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത് മുട്ടം മുതൽ ശങ്കരപ്പിള്ളി വരെയുള്ള ഭാഗത്താണ്. റോഡ് നിർമാണത്തിലെ അപാകതയാണ് ഇവിടെ അപകടങ്ങൾ പതിവാകാൻ കാരണമെന്നാണ് ആരോപണം.
ഇതിനിടെ അപകടസാധ്യത കുറയ്ക്കുന്നതിനായി ഇവിടെ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ വാഹനങ്ങൾ ഇടിച്ചും രാത്രി സമയങ്ങളിൽ എടുത്തു മാറ്റിയും അവ തകർന്നു. അപകടങ്ങൾ തുടർക്കഥയായതോടെ കഴിഞ്ഞ ദിവസം മുതൽ ഇവിടെ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനുള്ള ജോലികൾ നടന്നുവരികയാണ്. അതിനിടെയാണ് വീണ്ടും അപകടം ഉണ്ടായത്.
മുട്ടം മുതൽ മൂലമറ്റം വരെ റോഡിൽ ജലവിതരണ പൈപ്പ് സ്ഥാപിക്കാനായി എടുത്ത കുഴികൾ ശരിയായ രീതിയിൽ മൂടാത്തതിനാൽ റോഡിന്റെ ഒരു വശം കിടങ്ങായി മാറിയിരിക്കുകയാണ്. പാറപ്പൊടിയും മെറ്റലും ഉപയോഗിച്ച് കുഴി താത്കാലിമായി മൂടിയത് പിന്നീട് വലിയ ഗർത്തമായി മാറി. ഇന്നലെ അപകടം ഉണ്ടായ ഭാഗത്ത് ഒരു വശത്ത് റോഡിന് വീതി ഇല്ലാത്ത സ്ഥിതിയാണ്. ഹൈറേഞ്ചിൽനിന്നു തൊടുപുഴയ്ക്ക് വന്ന ബസ് ശങ്കരപ്പിള്ളി എസ് വളവിൽ കുഴി ഒഴിവാക്കി സഞ്ചരിച്ചതാണ് അപകടത്തിനു കാരണമായതെന്ന് പറയുന്നു.
ഇതു കൂടാതെ ബസുകളുടെ അമിത വേഗവും അപകടത്തിനു കാരണമാകുന്നുണ്ട്. റോഡിന്റെ അപകടാവസ്ഥ കണക്കിലെടുക്കാതെയാണ് ബസുകളുടെ അമിത വേഗം. ഹൈറേഞ്ച് മേഖലയിൽനിന്നു വരുന്ന ദീർഘദൂര സ്വകാര്യ ബസുകൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്.
നിരവധി അപകടങ്ങൾ ഉണ്ടായിട്ടും ബസുകളുടെ വേഗത നിയന്ത്രിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. സ്പീഡ് നിയന്ത്രിക്കുന്നതിനുള്ള ഒരു ബോർഡു പോലും സ്ഥാപിച്ചിട്ടില്ല. പലപ്പോഴും അമിതവേഗതയിൽ എത്തുന്ന ദീർഘദൂര ബസുകളുടെ മുന്നിൽനിന്നു ചെറുവാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നത്.