അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ
1339044
Thursday, September 28, 2023 11:17 PM IST
തൊടുപുഴ: ജൽജീവൻ മിഷൻ പദ്ധതി പ്രകാരം അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സമഗ്ര ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കും.
അറക്കുളം പഞ്ചായത്തിലെ പദ്ധതിയുടെ ഉദ്ഘാടനം മൂലമറ്റം ടൗണിൽ രാവിലെ 10-ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.
പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണ ശൃംഖല സ്ഥാപിച്ച് 5462 ഗാർഹിക കുടിവെള്ള കണക്ഷനുകളാണ് പദ്ധതി പ്രകാരം നൽകുന്നത്. പദ്ധതിക്കായി 96,11,24,000 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
കാഞ്ഞാർ 12-ാം മൈലിനു സമീപത്തുള്ള കിണറ്റിൽനിന്നു ജലം ശേഖരിച്ച് പുതുതായി സ്ഥാപിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം താഴ്ന്ന പ്രദേശങ്ങളിൽ വിതരണം ചെയ്യും. കുളമാവ് തടാകത്തിനു സമീപത്തുള്ള കിണറിൽനിന്നുള്ള ജലമാണ് പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്.
കുടയത്തൂർ പഞ്ചായത്തിലെ പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 11ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ അധ്യക്ഷത വഹിക്കും.
പദ്ധതിക്കായി 44,32,28,000 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 3013 ഗാർഹിക കുടിവെള്ള കണക്ഷനുകളാണ് നൽകുന്നത്. മലങ്കര ജലാശയത്തിൽനിന്നുള്ള ജലം നബാർഡിന്റെ സാന്പത്തിക സഹായത്തോടെ സ്ഥാപിച്ച ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യും.