ചിന്നാർ ജലവൈദ്യുത പദ്ധതി സ്ഥലവാസികൾക്കു ഭീഷണിയാകുന്നു
1280232
Thursday, March 23, 2023 10:41 PM IST
ചെറുതോണി: ചിന്നാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പെൻസ്ട്രോക്ക് പൈപ്പ് സ്ഥാപിക്കാൻ വൈദ്യുതിവകുപ്പ് നടപടി ആരംഭിച്ചതോടെ സ്ഥലവാസികൾ ഭീഷണിയിലായിരിക്കയാണ്.
ചിന്നാർ ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്ന പനങ്കുട്ടിയിലാണ് തെക്കേക്കുന്നേൽ ജോണി തോമസിന്റെ ആകെയുള്ള ഒരേക്കർ 86 സെന്റ് സ്ഥലവും വീടുമുള്ളത്. ഇവിടെയാണ് ഇദ്ദേഹം ഭാര്യയും മക്കളും കൊച്ചുമക്കളുമായി കഴിയുന്നത്.
പത്തുവർഷം മുമ്പ് ജോണിയുടെ 36.27 സെന്റ് സ്ഥലം ചിന്നാർ ജലവൈദ്യുത പദ്ധതിക്കായി കെഎസ്ഇബി ഏറ്റെടുത്തിരുന്നു. ബാക്കി സ്ഥലം പിന്നീട് ഏറ്റെടുക്കാമെന്ന വാക്കിന്മേലാണ് സ്ഥലം അന്ന് ഏറ്റെടുത്തത്. എന്നാൽ, കെഎസ്ഇബി വാക്കു മാറിയത് ഈ കുടുംബത്തെ വലിയ ദുരന്തത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്.
രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ തുടങ്ങിയതോടെയാണ് വീടും കൃഷിയിടവും അപകടാവസ്ഥയിലായത്. ജോണി തോമസിന്റെ വീടും പുരയിടവും കല്ലും മണ്ണും വീണ് നശിച്ചേക്കാമെന്ന് കെഎസ്ഇബി അധികൃതർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ചിന്നാർ ജലവൈദ്യുതി പദ്ധതിയുടെ രണ്ടാംഘട്ട നിർമാണങ്ങളുമായി ബന്ധപ്പെട്ട് ചെങ്കുത്തായ സ്ഥലത്ത് പെൻസ്ട്രോക്ക് പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി സംരക്ഷണഭിത്തി നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വീട് അപകടാവസ്ഥയിലാണെന്നു ഇവർ പറയുന്നു.
ആദ്യം സ്ഥലം ഏറ്റെടുത്തപ്പോഴുണ്ടായിരുന്ന പല ഉദ്യോഗസ്ഥരും സ്ഥലംമാറിപ്പോയി. മേഖലയിലുള്ള മറ്റു കുടുംബങ്ങളും ഇവിടെനിന്നും ഒഴിഞ്ഞുപോയി.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇവിടെനിന്നു മൂന്നുവർഷത്തേക്ക് മാറി താമസിക്കണമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. എന്നാൽ, ഉപജീവനത്തിനായി പശുവളർത്തലും കൃഷിയും നടത്തുന്ന ജോണിക്കും കുടുംബത്തിനും ഇവിടെനിന്ന് മാറിത്താമസിക്കുക സാധ്യമല്ല. തങ്ങളുടെ ബാക്കി സ്ഥലംകൂടി ഏറ്റെടുക്കുകയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. തുടർനിർമാണ പ്രവർത്തനങ്ങൾ നടന്നാൽ പാറയും മണ്ണും ജോണിയുടെ വീടിനു മുകളിലേക്ക് പതിക്കും.
അതേസമയം, ജോണിയും കുടുംബവും മാറി താമസിക്കാത്തപക്ഷം പദ്ധതിപ്രദേശത്ത് നടക്കുന്ന ജോലികൾ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കെഎസ്ഇബിയോ നിർമാണ കരാറുകാരനോ ഉത്തരവാദിയായിരിക്കില്ലെന്നാണ് പ്രോജക്ട് മാനേജർ അറിയിച്ചിരിക്കുന്നത്.
ഇവരുടെ സ്ഥലം ന്യായമായ നഷ്ടപരിഹാരം നൽകി കെഎസ്ഇബി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രംഗത്തു വന്നിരിക്കയാണ്.