സാജോ ജോസഫിന് യുആർഎഫ് റിക്കാർഡ്
1247289
Friday, December 9, 2022 10:29 PM IST
തൊടുപുഴ: കോതമംഗലം സിഎംസി പാവനാത്മാ പ്രൊവിൻസിലെ സന്യാസിനിമാരെ അണിനിരത്തി സംഗീത ഉപകരണങ്ങൾ ഇല്ലാതെ ഗാനം ചിട്ടപ്പെടുത്തി അവതരിപ്പിച്ച സാജോ ജോസഫിന് യുആർഎഫ് (യൂണിവഴ്സൽ റിക്കാർഡ് ഫോറം) റിക്കാർഡ്. ക്രിസ്തീയ ഭക്തിഗാനങ്ങളായ നന്മനേരും അമ്മ, നിത്യവിശുദ്ധയാം കന്യാമറിയമേ എന്നീ ഗാനങ്ങളുടെ അക്കാപ്പെല്ലാ പതിപ്പിന്റെ സംവിധാനത്തിനാണ് ഇദ്ദേഹത്തിന് യുആർഎഫ് റിക്കാർഡ് ലഭിച്ചത്. കരിന്പൻ സ്വദേശിയായ സാജോ തൊടുപുഴ വിമല പബ്ലിക് സ്കൂൾ അധ്യാപകനാണ്.
ഒരു സംഗീതോപകരണത്തിന്റെയും അകന്പടിയില്ലാതെ കൈ, വായ് എന്നിവകൊണ്ടു പുറപ്പെടുവിക്കുന്ന ശബ്ദവിന്യാസങ്ങളിൽനിന്ന് ഉപകരണതാളവും ശബ്ദവും സൃഷ്ടിച്ചെടുത്തു പാടുന്ന ശൈലിയാണ് അക്കാപ്പെല്ലാ. 141 ട്രാക്കുകളിലായി നിർമിച്ചെടുത്ത വ്യത്യസ്തതയാർന്ന ഈ സംഗീത സൃഷ്ടിയുടെ സംഗീത സംവിധാനവും റിക്കാർഡിംഗും നിർവഹിച്ചതു സാജോയാണ്.
ഇതിനു പുറമെ അനേകം ഭക്തിഗാനങ്ങളുടെ രചനയും സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. റിക്കാർഡിംഗ് സ്റ്റുഡിയോകളിൽ സൗണ്ട് എൻജിനിയറായും കാമറ, എഡിറ്റിംഗ് രംഗത്തും വിവിധ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും സാജോ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
ഇന്നു വാഴക്കുളത്ത് സിഎംസി പാവനാത്മ പ്രോവിൻസ് സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങിൽ യൂണിവേഴ്സൽ റിക്കാർഡ് ഫോറം നൽകുന്ന ഗ്ലോബൽ അവാർഡ് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമ്മാനിക്കും. യുആർഎഫ് ഇന്റർനാഷണൽ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ്, സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂർ, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന സിഎംസി എന്നിവർ പങ്കെടുക്കും.