മാനദണ്ഡം ലംഘിച്ച് കൃഷി അസിസ്റ്റന്റുമാരെ മാറ്റിയെന്ന്
1245431
Saturday, December 3, 2022 11:18 PM IST
തൊടുപുഴ: മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കൃഷി അസിസ്റ്റന്റുമാരെ തലങ്ങും വിലങ്ങും മാറ്റിയതായി പരാതി. ജില്ലയിൽനിന്നു 26 കൃഷി അസിസ്റ്റന്റുമാരെ പാലക്കാട് മുതൽ കാസർഗോഡുവരെയും കോഴിക്കോട്, കാസർഗോഡ് വയനാട് ജില്ലകളിൽനിന്നു ജില്ലയിലേക്കു 29 പേരെയുമാണ് മാറ്റിയത്. ഇതിനെതിരെ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി.
അന്തർജില്ലാ സ്ഥലംമാറ്റത്തിന് സീനിയോറിറ്റി ലിസ്റ്റ് ഇറക്കുകയും തുടർന്ന് ഓരോ ജില്ലയിലേക്കും അപേക്ഷ സമർപ്പിച്ച ജീവനക്കാരുടെ ക്യൂലിസ്റ്റ് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് അപേക്ഷ ക്ഷണിച്ച് ജീവനക്കാർക്ക് താത്പര്യമുളള ജില്ല തെരഞ്ഞെടുക്കാനുള്ള അവസരം നൽകിയതിനു ശേഷമായിരുന്നു കരട് സ്ഥലം മാറ്റ പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. എന്നാൽ, ഇതൊന്നും പാലിക്കാതെയാണ് കരട് പട്ടിക ഇറക്കിയിരിക്കുന്നത്.
രണ്ടുവർഷമായി നടക്കാതിരുന്ന കൃഷി അസിസ്റ്റന്റുമാരുടെ സ്ഥലമാറ്റം സമർദങ്ങൾക്കുശേഷമാണ് അധികൃതർ നടത്തിയത്. കൃഷി ഓഫീസർ അടക്കമുളളവർക്ക് ഏതു ജില്ലയും ഓഫീസും തെരഞ്ഞെടുക്കാനും അവസരം ഉണ്ടായിരിക്കെ കൃഷി അസിസ്റ്റന്റുമാർക്ക് മാത്രം ഇതിന് അവസരം നൽകാത്തത് കടുത്ത വിവേചനവും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിക്ക് എതിരുമാണെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. ബി. പ്രസാദ് ആരോപിച്ചു.