മലനാട് ജില്ലയിൽ തുടങ്ങി ഇടുക്കിയിലെത്തി
1225229
Tuesday, September 27, 2022 10:36 PM IST
കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന പീരുമേട്, ഉടുന്പൻചോല, ദേവികുളം താലൂക്കുകൾ ഉൾപ്പെടുത്തി മലനാട് ജില്ല രൂപീകരിക്കണമെന്ന ആവശ്യമാണ് ഇടുക്കി ജില്ലയായി മാറിയത്. മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ടാണ് മലനാട് ജില്ലയ്ക്കായുമുള്ള ആവശ്യം ശക്തമായത്.
ഇഎംഎസ് സർക്കാരിന്റെ കാലത്ത് മലപ്പുറം ജില്ല ഉണ്ടായെങ്കിലും മലനാട് ജില്ല യാഥാർഥ്യമായില്ല. മലനാട് ജില്ലയ്ക്കായുള്ള മുറവിളി ശക്തമായി നിന്നിരുന്നതിനാൽ പിന്നീടു വന്ന അച്യുതമേനോൻ സർക്കാർ മലനാട് ജില്ല തത്വത്തിൽ അംഗീകരിച്ചു. ജില്ലാ ആസ്ഥാനം സംബന്ധിച്ച തർക്കം സജീവമായി തുടർന്നു. കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം തുടങ്ങിയ പ്രദേശങ്ങൾ ജില്ലാ ആസ്ഥാനത്തിനായി പരിഗണനയിൽ വരികയും അന്തിമ തീരുനാനം നീളുകയും ചെയ്തു. ഒടുവിൽ റവന്യു മന്ത്രിയായിരുന്ന ബേബി ജോൺ ജനകീയ സമിതി പിരിച്ചുവിട്ട് ജില്ലാ ആസ്ഥാനം സർക്കാർ തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ചു. അന്ന് രാത്രി അതുവരെ ചിത്രത്തിലില്ലാതിരുന്ന ഇടുക്കി ആസ്ഥാനവും തൊടുപുഴ താലൂക്കിലെ രണ്ടു പഞ്ചായത്തുകൾ ഒഴിച്ചുള്ള എറണാകുളം ജില്ലയുടെ ഭാഗങ്ങൾകൂടി മലനാടിനോട് ചേർത്ത് ഇടുക്കി ജില്ല പ്രഖ്യാപിക്കുകയുമായിരുന്നു.
ജില്ല ഉണ്ടാകുന്പോൾ പ്രദേശത്ത് ഉണ്ടാകുമെന്ന് മലനാട്ടുകാർ പ്രതീക്ഷിച്ചിരുന്ന സാന്പത്തിക, ഭൗതിക വികസനങ്ങൾ ആദ്യ കാലഘട്ടത്തിൽ മലനാടിനു ലഭിച്ചില്ല. ജില്ല ഉണ്ടായതോടെ ജില്ലാ ഭരണകൂടവും ജില്ലാ അധികാരികളും രാഷ്ട്രീയപാർട്ടികൾക്ക് ജില്ലാ നേതാക്കളും ഉണ്ടായി എന്നതാണ് അടിസ്ഥാനപരമായി അന്നുണ്ടായ നേട്ടം.
സ്വതന്ത്ര എംഎൽഎ ആയിരുന്ന കെ.കെ. നായർ വരച്ച വഴിയെ പത്തനംതിട്ട ജില്ലയും മുസ്ലിംലീഗ് വരച്ച വരയിൽ മലപ്പുറം ജില്ലയും എം.പി. വീരേന്ദ്രകുമാർ വരച്ച വരയിൽ വയനാട് ജില്ലയും ഉണ്ടായപ്പോൾ വരമാറി ഇടുക്കി ജില്ല ഉണ്ടായി.