മാലിന്യത്തിൽ മുങ്ങി കായലും തോടുകളും
1593010
Friday, September 19, 2025 11:50 PM IST
പൂച്ചാക്കല്‍: വേമ്പനാട്ട് കായലും അനുബന്ധ ജലാശയങ്ങളും അനുദിനം മലിനമാകുന്നത് മത്സ്യത്തൊഴിലാളികള്‍ക്കു വിനയാകുന്നു. മത്സബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു മാലിന്യം നീക്കി മത്സ്യബന്ധനം നടത്തേണ്ട സ്ഥിതിയാണ്. പാണാവള്ളി ജെട്ടി പ്രദേശങ്ങളില്‍ കായേലോരത്ത് അടിഞ്ഞുകൂടുന്ന മാലിന്യത്തിന്റെ വ്യാപ്തി അതീവ ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് നീങ്ങുന്നത്.
സ്പീഡ് ബോട്ടുകളിൽ മാലിന്യം
മത്സ്യബന്ധനത്തിനിടെ പായലും പ്ലാസ്റ്റിക് മാലിന്യവും കയറുന്നതു മൂലം വലകള്‍ നശിക്കുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് മത്സ്യത്തൊഴിലാളികള്‍ക്കു നേരിടേണ്ടി വരുന്നത്. ഏറെനേരം ശ്രമിച്ചാലേ അടുത്ത ദിവസത്തേക്കു വല വൃത്തിയാക്കിയെടുക്കാനാകൂ. സ്പീഡ് ബോട്ടുകളില്‍ കൊണ്ടുവന്നു തള്ളുന്നതിനു പുറമേ വീടുകളില്‍നിന്നു വരെ മാലിന്യം കായലിലേക്ക് ഇടുന്നുണ്ട്.
മിനറല്‍ വാട്ടറിന്റെയും സോഡയുടെയും കുപ്പികളും പ്ലാസ്റ്റിക് കവറുകളുമാണ് കായലില്‍ ഒഴുകി നടക്കുന്ന മാലിന്യങ്ങളിലേറെയും. ഹോട്ടല്‍ മാലിന്യവും പച്ചക്കറികളുടെ അവശിഷ്ടങ്ങളും കായലില്‍ എത്തുന്നുണ്ട്. വേമ്പനാട്ട് കായലിലെ പെരുമ്പളം ഭാഗത്താണ് വന്‍തോതില്‍ മാലിന്യം തള്ളുന്നത്. കായല്‍ കടവില്‍ വസ്ത്രങ്ങള്‍ അലക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്.
കക്കൂസ് മാലിന്യവും
പല ഉള്‍നാടന്‍ ജലാശയങ്ങളിലും പ്രത്യേകിച്ച് തോടുകളില്‍ കക്കൂസ് മാലിന്യം ഒഴുക്കുന്നതായും ആക്ഷേപമുണ്ട്. പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി കവലയ്ക്കു പടിഞ്ഞാറുള്ള കലുങ്കുഭാഗത്തു കൂടി പ്രഭാത സവാരിക്കാര്‍ ഉള്‍പ്പെടെ മൂക്കു പൊത്തിയാണ് നടക്കുന്നത്. കലുങ്കിനു സമീപം മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പാണാവള്ളി പഞ്ചായത്ത് കാമറകള്‍ സ്ഥാപിച്ചെങ്കിലും ഇപ്പോൾ അവയെല്ലാം പ്രവര്‍ത്തനരഹിതമാണ്. പൂച്ചാക്കല്‍ പഴയ പാലത്തിനു സമീപമുള്ള തോട്ടിലേക്കു കക്കൂസ് മാലിന്യം ഒഴുക്കാന്‍ വന്ന വാഹനം ഇടിച്ച് കലുങ്കിന്റെ ഒരു ഭാഗം തകര്‍ന്നിട്ട് അധികം നാളായിട്ടില്ല. പൂച്ചാക്കല്‍ പുതിയ പാലത്തിലും ഇതു തന്നെയാണു സ്ഥിതി. പള്ളിപ്പുറം ഭാഗത്ത് പാടത്തേക്കും കക്കൂസ് മാലിന്യം ഒഴുക്കുന്നുണ്ട്.
ചത്തുപൊങ്ങുന്ന മത്സ്യങ്ങൾ
കായലിലും ഇടത്തോടുകളിലും മാലിന്യം കുമിഞ്ഞു കൂടുന്നതിനാല്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നുണ്ട്. പൂച്ചാക്കല്‍ തോട്ടിലും മറ്റും ഇതു പതിവ് കാഴ്ചയാണ്.
മത്സ്യങ്ങളുടെയും കക്കയുടെയും പ്രജനനവും ഇതു മൂലം തടസപ്പെടുന്നു. മത്സ്യത്തിന്റെയും കറുത്ത കക്കയുടെയും ലഭ്യത കുറഞ്ഞുവരികയാണ്. ചെമ്മീന്‍ ഷെഡ്ഡുകളില്നിന്നുള്ള മാലിന്യവും കായലിലേക്കാണ് ഒഴുകിയെത്തുന്നത്.