നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഇടപെടും: പി. സതീദേവി
1464893
Tuesday, October 29, 2024 7:47 AM IST
തിരുവല്ല: അവകാശ സമരങ്ങളിലൂടെ നഴ്സുമാര്‍ കൈവരിച്ച നേട്ടം വിലയിരുത്തപ്പെടാന്‍ സമയമായെന്ന് കേരള വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പി. സതീദേവി. സംസ്ഥാന വനിതാ കമ്മീഷന് തിരുവല്ലയിൽ സംഘടിപ്പിച്ച സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍. നഴ്സുമാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് വനിതാ കമ്മീഷന് ഇടപെടുമെന്നും സതീദേവി പറഞ്ഞു.
നഴ്സ് സമൂഹത്തിന്റെ തൊഴില്‍പരമായ സാഹചര്യം എന്താണെന്ന് മനസിലാക്കിയത് അവർ നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ്. എന്നാല്‍, ഇതിലൂടെ തൊഴില്‍ സാഹചര്യത്തില്‍ ഇതിനകം ഉണ്ടായ മാറ്റങ്ങള്‍ എന്തൊക്കെ എന്ന് പരിശോധിക്കപ്പെടേണ്ട സമയമാണിതെന്ന് ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി. വനിതാ കമ്മീഷന് അംഗം ഇന്ദിരാ രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
വനിതാ കമ്മീഷന് അംഗങ്ങളായ എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്, എസ്. സുരാജ്, ജോണ്‍ മുക്കത്ത് ബഹനാന്, റെജി ജോണ്‍, ലിന്‍സി തുടങ്ങിയവര്‍ പ്രസംഗിച്ചു. ചര്‍ച്ചകള്‍ക്ക് വനിതാ കമ്മീഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന നേതൃത്വം നല്കി.