കുമ്പഴയിൽ നഗരസഭയുടെ മേഖലാ ഓഫീസ്
1464895
Tuesday, October 29, 2024 7:47 AM IST
പത്തനംതിട്ട: നഗരസഭയുടെ മേഖല ഓഫീസ് കുമ്പഴയിൽ യാഥാർഥ്യമാകുന്നു. നിർമാണം പൂർത്തിയാക്കി നവംബർ ഒന്നിന് നാടിന് സമർപ്പിക്കും. പത്തനംതിട്ടയുടെ ഉപനഗരമായ കുന്പഴയുടെ ദീർഘനാളായുള്ള ആവശ്യമാണ് സഫലമാകുന്നത്.
മുനിസിപ്പാലിറ്റിയിലെ 15 വാർഡുകളിലെ ജനങ്ങൾക്ക് മേഖല ഓഫീസിന്റെ പ്രയോജനം ലഭിക്കും. ആരോഗ്യം, റവന്യു, എൻജിനിയറിംഗ് വിഭാഗങ്ങളുടേതുൾപ്പെടെ നഗരസഭയിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. സൂപ്രണ്ട്, റവന്യു ഇൻസ്പെക്ടർ, ഓവർസിയർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങി ഏഴ് ഉദ്യോഗസ്ഥരാണ് ഇവടെ കൃത്യനിർവഹണത്തിന് നിയോഗിക്കുന്നത്.
പ്രധാന ഓഫീസിൽ ലഭ്യമാകുന്ന എല്ലാ സേവനങ്ങളും കുമ്പഴയിൽ ലഭ്യമാക്കുന്നതിലൂടെ നഗരസഭാ പ്രദേശത്തെ പകുതിയോളം ജനങ്ങൾക്ക് വലിയ ആശ്വാസമാകും. പ്രധാന ഓഫീസിലെ തിരക്ക് കുറയ്ക്കുന്നതോടൊപ്പം ജനങ്ങൾക്ക് തൊട്ടടുത്ത് സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കുമെന്ന് ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു.