റോഡുവക്കിൽ മാലിന്യ നിക്ഷേപം; പ്രദേശവാസികൾ ദുരിതത്തിൽ
1464897
Tuesday, October 29, 2024 7:47 AM IST
ചുങ്കപ്പാറ: കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മാരം ങ്കുളം - നിർമലപുരം റോഡിന്റെ പരിസര പ്രദേശങ്ങളിലും, വിനോദ സഞ്ചാര മേഖലയായ നാഗപ്പാറയിലും മൽസ്യ, മാംസ മാലിന്യങ്ങളും, മദ്യക്കുപ്പികളും, മയക്കുമരുന്ന് പായ്ക്കറ്റുകളും, ഭവനങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ നിരന്തരമായി നിക്ഷേപിക്കുന്നതു മൂലം പ്രദേശവാസികൾക്കും കാൽനടക്കാർക്കും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ദുർഗന്ധവും കുപ്പിച്ചില്ലുകളും പ്രദേശവാസികളെയാണ് ബുദ്ധിമുട്ടിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ കൊട്ടാരംപടി, ഇലഞ്ഞിപ്പുറംപടി, നാഗപ്പാറ എന്നിവിടങ്ങളിൽ കക്കൂസ് മാലിന്യങ്ങളും മൽസ്യ, മാംസ മാലിന്യങ്ങളും വീട് വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യവും നിക്ഷേപിച്ചിരുന്നു. ദുർഗന്ധം വമിക്കുന്നതു കാരണം സമീപവീടുകളിൽ ഇരിക്കാൻ പോലുമാകുന്നില്ല. കുറുനരി, തെരുവുനായ്ക്കൾ, കാട്ടുപന്നി എന്നിവ മാലിന്യങ്ങൾ വലിച്ചെടുത്ത് ജലസ്രോതസുകളിലും വീട്ടുമുറ്റത്തും എത്തിക്കാറുണ്ട്.
രാത്രിയിലാണ് മാലിന്യങ്ങൾ ഏറെയും തള്ളുന്നത്. പ്രഭാത സവാരിക്കാർ, ടാപ്പിംഗ് തൊഴിലാളികൾ, പത്രവിതരണക്കാർ, വിദ്യാർഥികൾ അടക്കം രാവിലെ യാത്ര ചെയ്യേണ്ടിവരുന്നവർക്ക് റോഡിലേക്ക് ഇറങ്ങാനാകാത്ത സ്ഥിതിയുണ്ട്. പ്രദേശത്ത് നിരന്തരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരേ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ ബഹുജനപ്രക്ഷോഭം ആരംഭിക്കുന്നതിനും നിർമലപുരം - ചുങ്കപ്പാറ ജനകിയ വികസന സമതിയോഗം തീരുമാനിച്ചു.
നിർമലപുരത്ത് ചേർന്ന യോഗത്തിൽ സമിതി ഭാരവാഹികളായ കെ.യു. സോണി കൊട്ടാരം, ജോസി ഇലഞ്ഞിപ്പുറം, ജോയി പീടികയിൽ, ബാബു പുലിത്തിട്ട, ബിറ്റോ മാപ്പൂര്, തോമസുകുട്ടി വേഴമ്പുതോട്ടം, ഫിലിപ്പ് മോടിയിൽ, പ്രമോദ് ആക്കകുന്നേൽ, കെ.പി. തോമസ് കണ്ണാടിക്കൽ, സണ്ണി മോടിയിൽ , രാജു നാഗപ്പാറ, ബിജു മോടിയിൽ, കുട്ടപ്പൻ നാഗപ്പാറ, രാജു മോടിയിൽ, റെജി നെല്ലുവേലിൽ, ബേബിച്ചൻ കൊട്ടാരം എന്നിവർ പ്രസംഗിച്ചു.