എംസിവൈഎം പത്തനംതിട്ട ഭദ്രാസന യുവജന സംഗമം നാളെ പൂങ്കാവിൽ
1458957
Saturday, October 5, 2024 2:55 AM IST
പത്തനംതിട്ട: എംസിവൈഎം പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളിനോടനുബന്ധിച്ച് പത്തനംതിട്ട ഭദ്രാസന യുവജന സംഗമം "എപ്പിക് 2024' നാളെ കോന്നി വൈദിക ജില്ലയുടെ ആതിഥേയത്വത്തിൽ പൂങ്കാവ് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ നടക്കും.
രാവിലെ ഏഴിനു പ്രഭാത പ്രാർഥന, തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. മറ്റു വൈദികർ സഹകാർമികരാകും.
പൊതുസമ്മേളനം ഡോ. സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ഏബ്രഹാം ഇരുമ്പിനിക്കൽ വിശിഷ്ടാതിഥിയായിരിക്കും. എംസിവൈഎം പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ് ബിബിൻ ഏബ്രഹാം അധ്യക്ഷത വഹിക്കും.
വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, മേഖലകളിൽ വിവിധ അവാർഡുകൾ നേടിയ വ്യക്തിത്വങ്ങളെ ആദരിക്കും. പ്രശസ്ത മലയാള സിനിമ വരയന്റെ തിരക്കഥാകൃത്ത് ഫാ. ഡാനി ഒഎഫ്എം യുവജന സെമിനാർ നയിക്കും. തുടർന്ന് യുവജന റാലിയും വാദ്യമേളങ്ങളുടെ ഡിസ്പ്ലേയും കലാപ്രകടനങ്ങളും ഉണ്ടാകും.
യുവജനസംഗമത്തിൽ വിവിധ വൈദിക ജില്ലകളിൽനിന്നായി എഴുനൂറിലധികം യുവജനങ്ങൾ പങ്കെടുക്കും. എംസിവൈഎം പത്തനംതിട്ട ഭദ്രാസനസമിതിയും കോന്നി വൈദിക ജില്ലയും പൂങ്കാവ്, വലഞ്ചുഴി ദേവാലയങ്ങളും ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.