കോഴഞ്ചേരിയിലും ആനിക്കാട്ടും വികസന സദസുകൾ
1601664
Wednesday, October 22, 2025 3:40 AM IST
കോഴഞ്ചേരി: ഗ്രാമപഞ്ചായത്ത് വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ കുടുംബശ്രീയിലൂടെ നൈപുണ്യ പരിശീലനം നല്കി ഓണത്തിന് മുമ്പ് 5286 പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന് പ്രസിഡന്റ് പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഗ്രാമപഞ്ചായത്തംഗം ബിജിലി പി. ഈശോ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും സദസില്‍ നടത്തി. വികസന സദസിന്റെ ലക്ഷ്യം, പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് എന്നിവ അസിസ്റ്റന്റ് സെക്രട്ടറി പി രേണു അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ 46 കുടുംബങ്ങളുടെ വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു. എട്ട് വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. അതിദാരിദ്ര്യത്തില്‍ നിന്ന് 23 കുടുംബങ്ങളെ മുക്തരാക്കി. മികച്ച കര്‍ഷകർ, തൊഴിലുറപ്പ് , ഹരിത കര്‍മ സേന, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ആദരിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ജില്ല പഞ്ചായത്തംഗം സാറ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി.അനനമ്മ, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബിജോ പി.മാത്യു, അംഗങ്ങളായ റോയി ഫിലിപ്പ്, മിനി സുരേഷ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ സുധ ശിവദാസ്, ആസൂത്രണ സമിതി അധ്യക്ഷന്‍ ചെറിയാന് ജോര്‍ജ് തബു, ചെറുകിട വ്യവസായ സംരംഭകന് ഷാജി മാത്യു പുളിമൂട്ടിൽ, വകുപ്പ് ഉദ്യോഗസ്ഥർ, ഹരിത കര്‍മ സേനാംഗങ്ങൾ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മല്ലപ്പള്ളി: ആനിക്കാട് ഗ്രാമപഞ്ചായത്ത് വികസന സദസ് മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരുവല്ല - മല്ലപ്പള്ളി റോഡില്‍ സ്ഥലമെടുപ്പും മല്ലപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ 50 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനവും നടക്കുന്നതായി എംഎൽഎ പറഞ്ഞു. മല്ലപ്പള്ളി ബ്ലോക്ക്പഞ്ചായത്തംഗം സുധികുമാര്‍ അധ്യക്ഷത വഹിച്ചു.
ഡിജി കേരളം പദ്ധതിയിലൂടെ കണ്ടെത്തിയ 1762 പഠിതാക്കള്‍ക്കും പരിശീലനം നല്കി പഞ്ചായത്ത് ഡിജിറ്റല്‍ സാക്ഷരത നേടി. അതിദാരിദ്രത്തില്‍ നിന്ന് 13 കുടുംബങ്ങളെ മുക്തരാക്കി. വീട്, മരുന്ന്, ഭക്ഷണം എന്നിവ നല്കി. ലൈഫ് മിഷന് വഴി 63 പേര്‍ക്ക് വീട് നല്കി. 16 വീട് നിര്‍മാണം പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഡെയ്സി വര്‍ഗീസ്, അംഗങ്ങളായ സി.സി.പ്രേംസി, സി.എസ്.ശാലിനി, മാത്യുസ് കല്ലുപുര, പഞ്ചായത്ത് സെക്രട്ടറി ബിന്നി ജോര്‍ജ്, അസിസ്റ്റന്റ് സെക്രട്ടറി ബിജു ആനന്ദ്,സി ഡി എസ് ചെയര്‍പേഴ്സണ്‍ പി. കെ.ബിന്ദു, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.