രാഷ്ട്രപതിയെ കാണാൻ പാതയോരങ്ങളിൽ ജനക്കൂട്ടം
1602097
Thursday, October 23, 2025 3:44 AM IST
പത്തനംതിട്ട: ശബരിമല ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു പ്രമാടത്തുനിന്ന് കാർ മാർഗം പന്പ പാതയിൽ സഞ്ചരിക്കുന്ന വിവരം പുറത്തായത് ഇന്നലെ രാവിലെയാണ്. നേരത്തേയുള്ള പരിപാടി അനുസരിച്ച് രാഷ്ട്രപതി നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഹെലികോപ്ടറ്ററിൽ ഇറങ്ങുമെന്നായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രി മാത്രമാണ് പ്രമാടത്തേക്ക് ലാൻഡിംഗ് മാറ്റാൻ തീരുമാനമായത്.
പൂങ്കാവ് ഇൻഡോർ സ്റ്റേഡിയത്തിൽ രാഷ്ട്രപതി ഇറങ്ങുമെന്നറിഞ്ഞതോടെ പ്രദേശവാസികൾ രാവിലെ തന്നെ വീടുകൾക്കു മുന്പിൽ കാത്തുനിന്നു. മുന്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അടക്കമുള്ള വിവിഐപികൾ ഇറങ്ങിയിട്ടുള്ള സ്റ്റേഡിയത്തിൽ രാഷ്ട്രപതി എത്തുന്നത് ആദ്യമായിട്ടായിരുന്നു.
പൂങ്കാവ് ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. തങ്ങളുടെ ഗ്രാമത്തിലൂടെ കടന്നുവരുന്ന രാഷ്ട്രപതിയെ ഒരു നോക്കുകാണാൻ അതിരാവിലെ ആകാംഷയോടെ നാടൊന്നാകെ പൂങ്കാവ് കവലയിലാണ് കേന്ദ്രീകരിച്ചത്. കാത്തിരിപ്പിന് പരിസമാപ്തി കുറിച്ച് ആദ്യ ഹെലികോപ്റ്റർ ഇൻഡോർ സ്റ്റേഡിയം ലക്ഷ്യമിട്ട് നീങ്ങി. തൊട്ടുപുറകെ രണ്ട് ഹെലികോപ്റ്ററുകളും പറന്നെത്തി.
ഹെലികോപ്റ്റർ ആകാശത്ത് ദൃശ്യമായതോടെ കാത്തുനിന്നവരുടെ മൊബൈൽ ഫോണുകൾ പ്രവർത്തിച്ചുതുടങ്ങി. കെട്ടിടത്തിന് മുകളിലേക്ക് പ്രവേശനമില്ലായിരുന്നെങ്കിലും റോഡിൽനിന്ന് മിക്കവരും തങ്ങളാലാവുന്ന വിധം ഹെലികോപ്റ്ററിന്റെ ഉൾപ്പെടെ ചിത്രങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു.
തങ്ങളുടെ ഗ്രാമത്തിലൂടെ രാഷ്ടപതി വരുമെന്ന് വളരെ വൈകിയാണ് ജനങ്ങൾ അറിഞ്ഞതെങ്കിലും രാവിലെ ഏഴിനു മുന്പായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെ ആളുകളാണ് ഇൻഡോർ സ്റ്റേഡിയത്തിന് സമീപവും പൂങ്കാവ് കവലയ്ക്ക് സമീപത്തുള്ള റോഡിലും കാത്തു നിന്നത്. 8.40ന് പൂങ്കാവ് ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാർഗമാണ് പമ്പയിലേക്ക് പോയത്.
ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിക്കു സമീപമുള്ള കവല ചുറ്റിക്കറങ്ങി മല്ലശേരി മുക്ക്, കുമ്പഴ, മൈലപ്ര വടശേരിക്കര വഴി പമ്പയിലേക്ക് പോയി. രാവിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഉൾപ്പെടെ ജോലിക്കായി വാഹനങ്ങളിൽ എത്തിയവരും രാഷ്ട്രപതിയെ കണ്ടിട്ടാണ് മടങ്ങിയത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്റ്റേഡിയത്തിനു സമീപവും പൂങ്കാവ് കവലയിലും വാഹനങ്ങൾ നിയന്ത്രിക്കാൻ എത്തിയിരുന്നു. കുന്പഴ, മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ വഴിയുള്ള യാത്രയിൽ റോഡിന് ഇരുവശങ്ങളിലും ജംഗ്ഷനുകളിലും ആളുകൾ ആകാംക്ഷാപൂർവം കാത്തുനിന്നു.
അങ്ങോട്ടേക്കുള്ള യാത്രയേക്കാൾ കൂടുതൽ ആളുകൾ മടക്കയാത്രയാണ് വീക്ഷിച്ചത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുവരുന്നതിനു മുന്പായി റോഡിൽ ഗതാഗതം പൂർണമായി നിർത്തിവച്ചിരുന്നു. ഇടവഴികളിൽനിന്നുള്ള വാഹനങ്ങളും തടഞ്ഞു. ഇന്നലെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നതിനാൽ സ്കൂൾ വാഹനങ്ങളടക്കം നിരത്തുകളിലുണ്ടായില്ല.