ഒരുമയുടെ തുണയിൽ വെള്ളാർമല സ്കൂളിന് സ്നേഹോപഹാരവുമായി നല്ല സമരിയാക്കാർ
1602104
Thursday, October 23, 2025 3:52 AM IST
റാന്നി: ഉരുൾ പൊട്ടലിൽ തകർച്ച നേരിട്ട വയനാട് വെള്ളാർമല ജിവി ഹയർ സെക്കൻഡറി സ്കൂളിന് കടൽ കടന്നെത്തിയ കൈത്താങ്ങൽ ഗുഡ് സമരിറ്റൻ ചാരിറ്റബിൾ സൊസൈറ്റി എത്തിച്ചു നൽകി.
അമേരിക്കയിലെ ടെക്സസ് റിവർസ്റ്റോൺ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ഒരുമ ഓണാഘോഷ പരിപാടികൾ നടത്തിയതിൽനിന്നു ശേഖരിച്ച തുക വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാൻ തീരുമാനിച്ചു.
ഒരുമ പ്രസിഡന്റ് ജിൻസി മാത്യു, സെക്രട്ടറി ജയിംസ് ചാക്കോ തുടങ്ങിയവർ ഗുഡ് സമരിറ്റൻ സൊസൈറ്റി ചെയർമാൻ ഫാ. ബെൻസി മാത്യു കിഴക്കേതിലിനെ ബന്ധപ്പെട്ടതിനെത്തുടർന്നാണ് വെള്ളാർമല സർക്കാർ സ്കൂളിന് സഹായം നൽകുവാനുള്ള ക്രമീകരണങ്ങൾ ചെയ്തുനൽകിയത്.
ഫാ. ബിജോയ് ജോസഫ് അറക്കുടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മുനീറിന് തുക കൈമാറി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ, ജീനാ ബിജോയ് എന്നിവർ പങ്കെടുത്തു. നാനൂറോളം വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. യാത്രാസൗകര്യം അടിസ്ഥാന പഠനസൗകര്യങ്ങൾ തുടങ്ങിയവക്കായി സ്കൂൾ ബുദ്ധിമുട്ടുകയാണ്.