ഗാന്ധിസ്മൃതി മൈതാനം നവീകരണം
1601490
Tuesday, October 21, 2025 2:04 AM IST
അടൂർ: അടൂർ ഗാന്ധിസ്മൃതി മൈതാനത്തിന്റെ നവീകരണം 25ന് തുടങ്ങും. 2023 ജനുവരിയിൽ നവീകരണോദ്ഘാടനം കഴിഞ്ഞിരുന്നുവെങ്കിലും തുടർ പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു
മുൻ നഗരസഭ ചെയർമാൻ ഡി. സജിയാണ് മൈതാനത്തിന്റെ നവീകരണത്തിനുള്ള പദ്ധതി കൊണ്ടുവന്നത്. തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ സഹായത്തോടെ പദ്ധതി സർക്കാരിനു മുന്നിൽ എത്തിച്ചു. എന്നാൽ പദ്ധതി നീണ്ടുപോയെങ്കിലും ഇപ്പോൾ എല്ലാ തടസങ്ങളും നീങ്ങിയതായി ഡി. സജി പറഞ്ഞു.
നിലവിൽ മൈതാനത്തിന്റെ ചുറ്റുമതിൽ മിക്കതും നിലം പൊത്തിയ അവസ്ഥയാണ്. കവാടങ്ങളുടെ മേൽക്കൂരയുമെല്ലാം പായൽ കയറി ഏതു നിമിഷവും വീഴാവുന്ന സാഹചര്യത്തിലാണ്. പ്രകൃതിസൗഹൃദ നവീകരണമാണ് ലക്ഷ്യമിടുന്നത്. തറ ടൈൽ പാകി മനോഹരമാക്കുന്നതിനും പ്രത്യേക രീതിയിലുള്ള മേൽക്കൂര സ്ഥാപിക്കുന്നതും കുട്ടികൾക്ക് കളിക്കാനായി പാർക്ക്, ഇരിപ്പിടങ്ങൾ എന്നിവ നിർമിക്കുന്നതും ആർട്ട് വോൾ ഉണ്ടാക്കാനും പൂന്തോട്ടം നിർമിക്കുന്നതും രൂപരേഖയിൽ ഉണ്ട്. ഒപ്പം പരിപാടികൾക്കായി നിലവിലുള്ള ഓപ്പൺ സ്റ്റേജ് നവീകരിക്കാനും പദ്ധതിയുണ്ട്.
മഹാത്മാഗാന്ധി നടത്തിയ അടൂർ സന്ദർനത്തിന്റെ സ്മരണയ്ക്കായാണ് സെൻട്രൽ ജംഗ്ഷനിൽ പഴയ മൈതാനം ഗാന്ധിസ്മൃതി മൈതാനമാക്കിയത്. കെ.വി. മോഹൻ കുമാർ ആർഡിഒ ആയിരുന്ന കാലത്താണ് ആദ്യം നവീകരണം നടന്നത്. മനോഹരമായ കവാടവും ചുറ്റുമതിലും നിർമിച്ചു. പ്രധാന കവാടത്തിന് മുന്നിൽ പിന്നീട് നഗരസഭ മഹാത്മാഗാന്ധിയുടെ പ്രതിമയും സ്ഥാപിച്ചു.