പ്ലാൻ ബി നേരത്തേയുണ്ടായില്ലെന്ന് ആന്റോ ആന്റണി
1602095
Thursday, October 23, 2025 3:44 AM IST
പത്തനംതിട്ട:രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്ലാൻ ബി യെക്കുറിച്ച് ആലോചിക്കാതിരുന്നത് ജില്ലാ ഭരണകൂടത്തിനു വന്ന വീഴ്ചയാണെന്ന് ആന്റോ ആന്റണി എംപി. എന്നാൽ സുരക്ഷാ വീഴ്ചയില്ലെന്നും ഹെലിപ്പാഡിൽ ലാൻഡിംഗ് സമയത്ത് നിശ്ചിത സ്ഥാനത്തുനിന്നു മാറി ഇറങ്ങിയ ഹെലികോപ്റ്റർ തള്ളിമാറ്റുകയാണുണ്ടായതെന്നും കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.
ഹെലിപ്പാഡിന്റെ ഉറപ്പിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വിശദീകരിച്ചു. എച്ച് മാർക്കിനേക്കാൾ പിന്നിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. എച്ച് ഭാഗം മാത്രം കോൺക്രീറ്റ് ചെയ്യാനാണ് സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശിച്ചത്. എന്നാൽ പിഡബ്ല്യുഡി സമീപഭാഗങ്ങൾ കൂടി കോൺക്രീറ്റ് ചെയ്തു. ഈ ഭാഗത്തേക്ക് ഹെലികോപ്റ്ററിന്റെ ഒരു ചക്രം പോയിട്ടുണ്ട്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി.
മൂന്ന് ഹെലികോപ്റ്ററുകളാണ് ലാൻഡ് ചെയ്തത്. രണ്ടാമത് കോൺക്രീറ്റ് ചെയ്ത ഭാഗത്താണ് രണ്ട് ഹെലികോപ്റ്ററുകൾ ഇറക്കിയത്. ഇതിന് യാതൊരു കുഴപ്പവും ഉണ്ടായില്ല. എച്ച് എന്ന് അടയാളപെടുത്തിയ ഭാഗത്തേക്ക് ഹെലികോപ്റ്റർ ചക്രങ്ങൾ വരാത്തതിനാലും ലാൻഡ് ചെയ്ത ശേഷം വീണ്ടും സ്റ്റാർട്ട് ചെയ്യാൻ കഴിയാത്തതിനാലും ഈ ഭാഗത്തേക്ക് തള്ളിമാറ്റുകയായിരുന്നു.
സംഭവത്തിൽ യാതൊരു അസ്വാഭാവികതയും ഇല്ലെന്നും കോപ്റ്റർ താഴ്ന്നുവെന്നത് വാസ്തവവിരുദ്ധമാണെന്നും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.