ജില്ലാ പഞ്ചായത്തിന് ഒന്‍പത് വനിതാ സംവരണ ഡിവിഷനുകൾ; നറുക്കെടുപ്പുകൾ പൂർത്തിയായി
1601665
Wednesday, October 22, 2025 3:40 AM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകൾ നറുക്കെടുപ്പിലൂടെ കണ്ടെത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സംവരണ ഡിവിഷനുകൾ നറുക്കെടുത്തു.
ഒന്‍പത് വനിതാ സംവരണ ഡിവിഷനുകളാണ് ജില്ലാ പഞ്ചായത്തിനുള്ളത്. ഇതിലൊരെണ്ണം പട്ടികജാതി വനിതാ സംവരണമായിരിക്കും. പട്ടികജാതി ജനറൽ വിഭാഗത്തിൽ മറ്റൊരു ഡിവിഷനും സംവരണമായിരിക്കും.
2020ലെ തെരഞ്ഞെടുപ്പിൽ സംവരണ പട്ടികയിലുണ്ടായിരുന്ന ഡിവിഷനുകൾ മാറ്റി നിർത്തിയാണ് ഇത്തവണ നറുക്കെടുത്തത്. പുതുതായി നിലവിൽ വന്ന കലഞ്ഞൂർ ഡിവിഷനും സംവരണമായി. ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷ സ്ഥാനവും ഇക്കുറി വനിതാ സംവരണമോ പട്ടികജാതി സംവരണമോ ആകാനാണ് സാധ്യത. കഴിഞ്ഞതവണ ജനറൽ വിഭാഗത്തിലായിരുന്നതിനാലാണിത്.
വനിതാ സംവരണ മണ്ഡലങ്ങൾ: കോയിപ്രം, റാന്നി, മലയാലപ്പുഴ, പ്രമാടം, കലഞ്ഞൂർ, ഏനാത്ത്, പള്ളിക്കൽ, ഇലന്തൂർ. പട്ടികജാതി സ്ത്രീ സംവരണം: കുളനട. പട്ടികജാതി സംവരണം: ചിറ്റാർ. ഇതോടെ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി.
ഇനി തദ്ദേശ സ്ഥാപന അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങൾ സംബന്ധിച്ച സംവരണ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കും.