ഇരവിപേരൂര്‍ വികസന സദസ്; ഉദ്ഘാടനത്തിനു മന്ത്രി വന്നില്ല, മുതിര്‍ന്ന തൊഴിലുറപ്പ് അംഗം ഉദ്ഘാടകയായി
1601220
Monday, October 20, 2025 3:50 AM IST
ഇരവിപേരൂർ: ഗ്രാമപഞ്ചായത്തിന്റെ വികസന സദസില്‍ മന്ത്രി വീണാ ജോര്‍ജ് എത്താതിരുന്നതിനേതുടര്ന്ന് ഗ്രാമപഞ്ചായത്തിലെ മുതിര്‍ന്ന തൊഴിലുറപ്പ് അംഗമായ ചിന്നമ്മ കേശവന് ഉദ്ഘാടകയായി.
വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന് പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന വികസന സദസാണ് തൊഴിലുറപ്പ് പദ്ധതിയിലെ പഞ്ചായത്തിലെ ആദ്യത്തേതും മുതിര്‍ന്ന അംഗവുമായ ചിന്നമ്മ കേശവന് ഉദ്ഘാടനം ചെയ്തത്. മന്ത്രി വീണാ ജോര്‍ജിനെയാണ് ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്.
എന്നാല്‍ മന്ത്രി പരിപാടിക്ക് എത്തിയില്ല. ഇതോടെയാണ് സിപിഎം ഭരണത്തിലുള്ള പഞ്ചായത്ത് ഭരണസമിതി തൊഴിലുറപ്പ് അംഗത്തെ വേദിയിലേക്ക് ക്ഷണിച്ചത്. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് പ്രസിഡന്റ് അവതരിപ്പിച്ചു.
പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തില്‍ ഉയര്‍ന്നു. വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു.
സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. വര്‍ഗീസ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്,അംഗങ്ങളായ പ്രിയ വര്‍ഗീസ്, അമ്മിണി ചാക്കോ, കെ കെ വിജയമ്മ, അമിത രാജേഷ്, ആര് ജയശ്രീ, ത്യേസമ്മ കുരുവിള, സെക്രട്ടറി എസ്.എ മനീഷ്, ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.