ബോധവത്കരണ സൈക്കിൾ റാലിയുമായി ബിലീവേഴ്സ് ആശുപത്രി
1601500
Tuesday, October 21, 2025 2:04 AM IST
തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ 50 കിലോമീറ്റർ സൈക്കിൾ റാലി സംഘടിപ്പിച്ചു. ബിലീവേഴ്സ് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗമായ റീജിയണൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റേഷൻ, ഹെമറ്റോ ലിംഫോയിഡ് ഓങ്കോളജി ആൻഡ് മാരോ ഡിസീസസ് (രക്തം) ആഭിമുഖ്യത്തിൽ ബോൺ മാരോ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ സൈക്കിൾ റാലി സംഘടിപ്പിച്ചു.
ബോൺ മാരോ ട്രാൻസ്പ്ലാന്റേഷനും കാർ - ടി തെറാപ്പിയും അടക്കമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് തൊട്ടരികിൽത്തന്നെയുണ്ടെന്ന സന്ദേശം നൽകുവാനുമാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. സൈക്കിൾ റാലി ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ഹൃദ്രോഗ വിഭാഗം മേധാവിയുമായ ഡോ. ജോൺ വല്യത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ആരംഭിച്ച റാലി സമീപ ശുപത്രികളായ പരുമല, കല്ലിശേരി, പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല മെഡിക്കൽ മിഷൻ തുടങ്ങിയ ആശുപത്രികളെ ബന്ധിപ്പിച്ച് തിരികെ എത്തി. മേൽപ്പാടം മർത്തോമ്മാ ഇടവക വികാരി റവ. റോയ് വർഗീസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഹെമറ്റോളജി വിഭാഗം മേധാവിയും രക്തം പ്രോഗ്രാം ഡയറക്ടറുമായ ഡോ. ചെപ്സി സി. ഫിലിപ്പ് ബോൺ മാരോ ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് ബോധവത്കരണപ്രഭാഷണം നടത്തി. സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാർ, ആശുപത്രി അഡ്മിനിസ്ട്രേഷൻ ജീവനക്കാർ, മെഡിക്കൽ കോളജ് വിദ്യാർഥികൾ, പൊതുജനങ്ങൾ ഉൾപ്പെടെ 12 മുതൽ 65 വയസുവരെയുള്ള 150 ഓളം പേർ സൈക്കിൾ റാലിയിൽ പങ്കെടുത്തു. പങ്കെടുത്ത സൈക്ലിസ്റ്റുകൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.