ക്രൈസ്തവ സമൂഹത്തിന്റെ ന്യൂനപക്ഷാവകാശം ആരുടെയും ഔദാര്യമല്ല: കെ.സി. വേണുഗോപാൽ
1601492
Tuesday, October 21, 2025 2:04 AM IST
കുന്പളന്താനം: ക്രൈസ്തവ സമൂഹം അനുഭവിച്ചുവരുന്ന ന്യൂനപക്ഷാവകാശം ആരുടെയും ഔദാര്യമല്ലെന്നും ഭരണഘടനാ പരമായ അവകാശമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കുന്പളന്താനം സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്കു സ്വീകരണവും എ.ജെ. ജോസ് തടിയിൽ അനുസ്മരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതസ്വാതന്ത്ര്യവും വിശ്വാസവും ഈ നാട്ടിൽ എല്ലാവർക്കുമുണ്ട്. ഇത് ആർക്കും എതിരായിട്ടുള്ളതല്ല. ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പ്രവണതയും അംഗീകരിക്കാനാകില്ല. രാജ്യത്തെ ഒന്നായി കണ്ടുകൊണ്ടു മുന്നോട്ടു പോകാൻ കഴിയുന്ന ഒരു ഭരണഘടന നമുക്കുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനോ സന്തോഷിപ്പിക്കാനോ ഉള്ളതല്ല ഭരണഘടനയെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയിൽ തങ്ങൾക്കവകാശപ്പെട്ടത് ലഭിക്കുന്നില്ലെന്ന ബോധ്യം ഒരു സമൂഹത്തിനുണ്ടാകുന്നെങ്കിൽ അത് അപലപനീയമാണ്. ഭരണഘടനയിൽ എഴുതിവച്ചിട്ടുള്ള അവകാശങ്ങൾക്കുവേണ്ടി പോരാട്ടം നടത്തേണ്ടിവരുന്നത് സങ്കടകരമാണ്. എത്ര സങ്കടമായാലും ആ പോരാട്ടത്തിലേക്ക് നമ്മൾ പോയേ മതിയാകുവെന്ന് വേണുഗോപാൽ പറഞ്ഞു.
നാടിന്റെ സാമൂഹ്യ വ്യവസ്ഥിതി മനസിലാക്കി എഴുതിവച്ചതാണ് നമ്മുടെ ഭരണഘടന. ഭരണഘടന എഴുതിവച്ച ആനുകൂല്യങ്ങൾക്കുവേണ്ടി പോരാടുന്നവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് നാടിന്റെ പുരോഗതിയെ ബാധിക്കും. നാം വിശ്വസിക്കുന്ന ഭരണഘടനയിൽ വെള്ളം ചേർക്കാനുള്ള പ്രവണതയ്ക്കെതിരേ നാം പോരാടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തി.
ബിഷപ്പുമാരായ യൂഹാനോൻ മാർ മിലിത്തിയോസ്, സാമുവേൽ മാർ തെയോഫിലോസ്, കുര്യാക്കോസ് മാർ ഈവാനിയോസ്, കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, ബിഷപ് തോമസ് സാമുവേൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
ആന്റോ ആന്റണി എംപി, പ്രമോദ് നാരായൺ എംഎൽഎ, മുൻ എംഎൽഎ രാജു ഏബ്രഹാം, പഴകുളം മധു, റവ.ഐസക് പി. ജോൺസൺ, എ.ജെ. ജോസ് ട്രസ്റ്റ് ചെയർമാൻ സുനീഷ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.