ജില്ലാ ക്ഷീരസംഗമം അടൂരിൽ
1601674
Wednesday, October 22, 2025 3:57 AM IST
പത്തനംതിട്ട: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ക്ഷീരസംഗമം - നിറവ് ഇന്നു മുതൽ 24 വരെ അടൂർ മേലൂട് സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ നടക്കും. ഇന്നു രാവിലെ 9.30 ന് കിഡ്സ് ഡെയറി ഫെസ്റ്റോടെ പരിപാടികൾക്കു തുടക്കമാവും.
10ന് അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ ക്ഷീര സംഘം ജീവനക്കാർക്കു ശില്പശാല, പ്രശ്നോത്തരി, മുഖാമുഖം പരിപാടികൾ നടക്കും. നാളെ രാവിലെ എട്ടിന് മേലൂട് ക്ഷീര സംഘത്തിൽ വ്യത്യസ്ത ഇനങ്ങളിൽപെട്ട കന്നുകുട്ടി, കിടാരി, കറവപ്പശു, മറ്റ് പക്ഷി മൃഗാദികൾ എന്നിവയുടെ പ്രദർശന മത്സരങ്ങൾ. ഒന്പതിന് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ ഉദ്ഘാടനം നിർവഹിക്കും.
24നു രാവിലെ ഒന്പതിന് കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ക്ഷീര കർഷക സംഗമം. രാവിലെ മുതൽ വിവിധ സ്റ്റാളുകൾ പ്രവർത്തിക്കും. 11 നു പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തും. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് റിപ്പോർട്ടും അവതരിപ്പിക്കും.
യോഗത്തിൽ വിവിധ അവാർഡുകളുടെ വിതരണവും നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. വിവിധ പുരസ്കാരങ്ങളും ആദരിക്കലുകളും ജില്ലയിലെ എംഎൽഎമാരും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും നിർവഹിക്കും.
ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. അനിത, മേലൂട് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എ.പി. ജയൻ, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ റീബ തങ്കച്ചൻ, ക്ഷീരവികസന ഓഫീസർ കെ. പ്രദീപ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.