ഏഴംകുളത്തെ പാതയോരം നിറയെ മാലിന്യം
1601677
Wednesday, October 22, 2025 3:57 AM IST
ഏഴംകുളം: ഏഴംകുളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നു. പേരിൽ മാലിന്യമുക്ത പഞ്ചായത്താണ് ഏഴംകുളം, പക്ഷേ പാതയോരങ്ങൾ നിറയെ മാലിന്യമാണ്. പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനു വേണ്ടി എല്ലാ വാർഡിലും രണ്ട് കാമറകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.
ഏഴംകുളം ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ വ്യാപകമായി മാലിന്യം തള്ളുന്നുമുണ്ട്. പഞ്ചായത്തിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിലെ റോഡ് വശങ്ങളിൽ മാലിന്യ കൂന്പാരമാണ്. വലിയ ചാക്കുകളിൽ കെട്ടിയാണ് പലയിടത്തും മാലിന്യം ഉപേക്ഷിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഏഴംകുളം കനാൽ റോഡ്, ഏനാത്ത് കടവ്, ഈട്ടിമൂട്, കൈതപ്പറമ്പ്, വയലാ ഭാഗങ്ങളിലാണ് കൂടുതൽ പ്രശ്നം.
ഏഴംകുളം ജംഗ്ഷനു സമീപമുള്ള കനാൽ റോഡിൽ വഴിനീളെ മാലിന്യമാണ്. പ്രിന്റിംഗ് കടയുമായി ബന്ധപ്പെട്ട ഒട്ടേറെ സാധനങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ സ്ഥിരമായി തള്ളുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ സ്ഥലങ്ങളിലും സാനിറ്റ്റി നാപ്കിനുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് തള്ളുന്നത്. കൂടാതെ ഭക്ഷണാവശിഷ്ടങ്ങൾ, പഴം പച്ചക്കറി മാലിന്യങ്ങൾ, കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നുണ്ട്.
ഏനാത്ത് ടൗണിന് ചുറ്റുമുള്ള ഒഴിഞ്ഞ ഇടങ്ങളിലൊക്കെ ഇതുതന്നെ സ്ഥിതി. പഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങൾ ഇല്ലാത്തതും വലിയ പ്രശ്നമാണ്. പ്രത്യേകിച്ചും ഏനാത്ത് ടൗണിൽ. വലിയ വ്യാപാരം നടക്കുന്ന ടൗണായിട്ടും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ല. മാലിന്യ നിർമാർജനത്തിന് വീഴ്ച വരുത്തുന്നതിനാൽ പകർച്ചവ്യാധികൾ വ്യാപിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.