ജില്ലയിലെ ആദ്യ മിൽക്ക് എടിഎം അടൂർ പതിനാലാം മൈലിൽ
1601672
Wednesday, October 22, 2025 3:57 AM IST
പത്തനംതിട്ട: പണമെടുക്കാൻ എടിഎം കൗണ്ടറിൽ പോകുന്നതുപോലെ ഇനി പാൽവാങ്ങാനും എടിഎം കൗണ്ടർ. ഏതു സമയവും പാൽ ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് മിൽക്ക് വെൻഡിംഗ് മെഷീൻ അടൂർ പതിന്നാലാം മൈലിൽ പ്രവർത്തനമാരംഭിക്കുന്നു.
ജില്ലയിലെ ആദ്യ മിൽക്ക് എടിഎമ്മാണ് അടൂർ മേലൂട് ക്ഷീര സംഘത്തിന്റെ നേതൃത്വത്തിൽ മിൽക്ക് വെൻഡിംഗ് മെഷീൻ പ്രവർത്തനമാരംഭിക്കുന്നത്. ക്ഷീരസംഘത്തിൽ കർഷകർ അളക്കുന്ന പാൽ അപ്പോൾ തന്നെ ഗുണനിലവാരം ഉറപ്പുവരുത്തി മിൽക്ക് എടിഎമ്മിൽ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കും. ഈ പാൽ ആവശ്യക്കാർക്ക് ആവശ്യമള്ളതനുസരിച്ച് കേടുകൂടാതെ എടുക്കാനാകും. ഒരു ദിവസം രണ്ടു തവണയായി 200 ലിറ്റർവീതം പാൽ നിറയ്ക്കും.
മേലൂട് സംഘത്തിൽ നിലവിൽ രാവിലെ ആറു മുതൽ ശേഖരിക്കുന്ന പാൽ എട്ടുവരെയും വൈകുന്നേരം നാലിനും ആറിനും മധ്യേയുമാണ് പാൽ വില്പനയുള്ളത്. പാൽ വാങ്ങാനായി ആളുകൾക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇതിനു പരിഹാരമായാണ് മിൽക്ക് എടിഎം ആരംഭിക്കുന്നതെന്നു ക്ഷീരസംഘം പ്രസിഡന്റ് എ.പി. ജയൻ പറഞ്ഞു.
24 മണിക്കൂറും ശുദ്ധമായ പാൽ ലഭിക്കുന്ന മിൽക്ക് എടിഎമ്മിന്റെ ഉദ്ഘാടനം 24നു രാവിലെ പത്തിന് മേലൂട് ക്ഷീരസംഘത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ആദ്യവില്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ നിർവഹിക്കും.
സംഘം വിതരണം ചെയ്യുന്ന പ്രത്യേക കാർഡ്, ഗൂഗിൾ പേ , കറൻസി എന്നിവ ഉപയോഗിച്ച് പാൽ എടുക്കാനുള്ള സൗകര്യമുണ്ടാകും. ഇതിനായി ആധുനിക മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്.