ദേശീയ ഗജദിനത്തിൽ കരിവീരന്മാർക്ക് കരിമ്പുമായി കുരുന്നുകൾ
1458954
Saturday, October 5, 2024 2:55 AM IST
കോന്നി: സ്കൂൾ വളപ്പിൽ വിളയിച്ച കരിമ്പുമായി വിദ്യാർഥികളുടെ ആനക്കൂട് സന്ദർശനം. ദേശീയ ഗജദിനത്തിലാണ് തെങ്ങുംകാവ് സർക്കാർ ലോവർ പ്രൈമറി സ്കൂൾ വിദ്യാർഥികൾ ആനകൾക്കു നല്കാൻ സ്കൂൾ പരിസരത്ത് വിളഞ്ഞ കരിമ്പുമായി എത്തിയത്. ഇത് ആനക്കൂട് അധികൃതർക്കും പാപ്പാന്മാർക്കും പുത്തൻ അനുഭവമാണെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. അനിൽകുമാർ പറഞ്ഞു.
ആനക്കൂട്ടിലെ ഏറ്റവും കുഞ്ഞൻ കൊച്ചയ്യപ്പനരികിലെത്തി പാപ്പാൻ മുഖേന കരിമ്പു നല്കി ആയിരുന്നു സന്ദർശന തുടക്കം. തുടർന്ന് കുളി കഴിഞ്ഞ് ഈറനോടെ നിന്ന മീന, പ്രിയദർശിനി, ഈവ, കൃഷ്ണ എന്നിവർക്കരികിലെത്തി കരിമ്പു നല്കിയത് കൊച്ചു കുട്ടികൾക്ക് നവ്യാനുഭവമായെന്ന് പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ് പറഞ്ഞു.
ആനവാർത്തകളുടെ സമ്പാദകനും എഴുത്തുകാരനുമായ എം.എം. ജോസഫ് മേക്കൊഴൂർ വിദ്യാർഥികളുമായി ആനവിശേഷങ്ങൾ പങ്കുവച്ചു. അദ്ദേഹത്തിന്റെ വാർത്താശേഖര പ്രദർശനവും നടന്നു. പാപ്പാൻമാരുടെ പ്രതിനിധി കോന്നി കൃഷ്ണകുമാറിനെ സ്കൂൾ അധികൃതർ പൊന്നാട നല്കി ആദരിച്ചു.
അധ്യാപികമാരായ കവിത പീതാംബരൻ, ആർ.എസ്. രശ്മി, വി.ജി. രാജലക്ഷ്മി, വിമലാകുമാരി എന്നിവർ നേതൃത്വം നലകി.