കവിയൂരിൽ മുൻ പ്രസിഡന്റിന്റെ പേര് വോട്ടർപട്ടികയിൽ ഇല്ല
1591944
Tuesday, September 16, 2025 1:07 AM IST
പത്തനംതിട്ട: കവിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. കെ. സജീവിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റിയതായി പരാതി. കവിയൂർ പഞ്ചായത്തിൽ എട്ടാം വാർഡിലാണ് നിലവിൽ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നത്.
സജീവ് പത്താം വാർഡിൽ നിന്നുള്ള ഗ്രാമപഞ്ചായത്ത് അംഗമാണ്. പത്താം വാർഡിൽ താമസിക്കുന്നുവെന്നും അതിനാൽ എട്ടാം വാർഡിൽ വോട്ടവകാശം നിഷേധിക്കാൻ അധികാരമുണ്ടെന്നുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട് വസ്തുതാവിരുദ്ധവും നിഷേധാത്മകവുമാണെന്ന് സജീവ് പത്രസമ്മേളനത്തിൽപറഞ്ഞു. ഇതു സംബന്ധിച്ച അപ്പീൽ ഹർജിയും നൽകിയിട്ടുണ്ട്.
2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കലിനും തിരുത്തലിനും ഒഴിവാക്കലിനുമായുള്ള അവസരത്തിൽ നിലവിലുള്ള വോട്ടർ പട്ടികയിൽനിന്നും രജിസ്ട്രേഷൻ ഓഫീസർ ആയ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.കെ. സജീവിനെ ഒഴിവാക്കി ഉത്തരവിട്ടു. നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടു സജീവ് നൽകിയ അപ്പീൽ പരിഗണിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് പത്തനംതിട്ട ജോയിന്റ് ഡയറക്ടർ പഞ്ചായത്ത് സെക്രട്ടറിയോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സജീവിന്റെ പരാതിയിൽ തെളിവെടുപ്പ് നടത്തിയ ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് വന്നിട്ടില്ല.
2000 മുതൽ 2020 വരെ നടന്ന വിവിധ തലങ്ങളിൽ പഞ്ചായത്തുകളിലേക്കുള്ള എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുകയും നിലവിൽ കവിയൂർ പഞ്ചായത്ത് സ്വതന്ത്രഅംഗമായി തന്നെ തുടരുമ്പോഴാണ് വോട്ടർ പട്ടികയിൽ നിന്നും തന്റെ പേരു വെട്ടി മാറ്റിയതെന്ന് സജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ സർക്കാർ മാനദണ്ഡം പാലിക്കാതെയും പഞ്ചായത്ത് വക സ്വത്തുക്കൾ നഷ്ടം വരുത്തിയും കൃത്യമായി ഗ്രാമസഭകൾ വിളിച്ചു ചേർക്കാതെയും മറ്റും കൃത്യനിർവഹണത്തിൽ വീഴ്ചകൾ വരുത്തിയതിനെതിരേ നിയമപരമായ പോരാട്ടം നടത്തുന്നതിൽ അസ്വസ്ഥതയുള്ള ബിജെപി ഭരണസമിതിയെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി സെക്രട്ടറി പ്രവർത്തിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ബിജെപി പ്രവർത്തകനാണ് പരാതി നൽകിയത്. കരട് വോട്ടർ പട്ടികയിൽ തന്റെ പേരുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തന്നെ കഴിഞ്ഞ ഓഗസ്റ്റ് 23ന് ഹിയറിംഗിനു വിളിപ്പിച്ചിരുന്നു. വർഷങ്ങളായി തന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന എട്ടാം വാർഡിലെ വോട്ടറാണ് താൻ. കുടുംബാംഗങ്ങൾ പത്താംവാർഡിലാണ് ഉൾപ്പെടുന്നതെങ്കിലും തന്റെ വോട്ടവകാശം സ്വന്തം വാർഡിലെ പട്ടികയിൽ തുടരുകയായിരുന്നെന്ന് സജീവ് പറഞ്ഞു. രാഷ്ട്രീയലക്ഷ്യങ്ങളോടെ തന്റെ വോട്ടവകാശം ഇല്ലാതാക്കാൻ മുന്പും ശ്രമങ്ങളുണ്ടായിട്ടുണ്ട്.
ഇത്തവണ നോട്ടീസ് നൽകാതെയാണ് അന്തിമപട്ടികയിൽ പേര് ഒഴിവാക്കിയത്. ഇതിനെതിരേ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകി. വിശദമായ അന്വേഷണം നടത്തി വിധി വരുന്നതു കാത്തിരിക്കുകയാണ്. പേര് ഒഴിവാക്കുകയാണെങ്കിൽ കോടതിയെ സമീപിക്കുമെന്നും സജീവ് പറഞ്ഞു. വാർഡ് അംഗം എന്ന നിലയിൽ തുടരുമ്പോഴാണ് വോട്ടർ പട്ടികയിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള മാർഗനിർദ്ദേശങ്ങൾ ഇആർഒ കൂടിയായ സെക്രട്ടറി ലംഘിച്ചത്.
അഴിമതിയെ എതിർക്കുമ്പോൾ നേരിട്ട് മറുപടി പറയാതെ കുതന്ത്രങ്ങൾ പയറ്റുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നടപടികൾക്കെതിരേ നിയമ പോരാട്ടം തുടരുമെന്ന് ടി. കെ. സജീവ് പറഞ്ഞു. കോൺഗ്രസ് തിരുവല്ല ബ്ലോക്ക് പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ടി. കെ. സജീവ് 2000 -2005 ലും 2010 -2015 കാലഘട്ടത്തിലുമായി പത്തു വർഷം കവിയൂർ പഞ്ചായത്ത് പ്രസിഡന്റായും 2010-15 കാലഘട്ടത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തഗമായും പ്രവർത്തിച്ചിരുന്നു.
കവിയൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന കലത്ത് 2013 -14 ൽ സംസ്ഥാന സർക്കാരിന്റെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും 2014-15-ൽ കേന്ദ്ര സർക്കാരിന്റെ ഭാരതത്തിലെ മികച്ച പഞ്ചായത്തിൽ പഞ്ചായത്ത് ശക്തീകരൺ പുരസ്കാരവും കവിയൂർ പഞ്ചായത്ത് നേടിയിരുന്നു. 2015 ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആയി മത്സരിച്ചപ്പോൾ മല്ലപ്പള്ളി ബ്ലോക്കിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവരെ നേതൃത്വം സംരക്ഷിക്കുന്നു എന്നാരോപിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാണ് ടി. കെ. സജീവ് പഞ്ചായത്ത് അംഗമായത്.
എന്നാൽ സ്ഥലപരിശോധന നടത്തി കൃത്യമായ തെളിവുകളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് സജീവിന്റെ പേര് പട്ടികയിൽ നിന്നൊഴിവാക്കിയതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.