പുനരൈക്യ വാർഷികം: സമ്മേളന നഗർ ഒരുങ്ങി ഇന്ന് പതാക ഉയരും
1591956
Tuesday, September 16, 2025 1:08 AM IST
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭാ പുനരൈക്യ വാർഷികാഘോഷങ്ങൾക്കായി സമ്മേളന നഗർ ഒരുങ്ങി. പ്രധാന വേദിയായ അടൂർ ഓൾ സെയ്ന്റ്സ് പബ്ലിക് സ്കൂളിലെ മാർ ഇവാനിയോസ് നഗറിൽ 45000 ചതുരശ്ര അടി വിസ്തീർണമുള്ള കൂറ്റൻ പന്തലിന്റെ നിർമാണം പൂർത്തിയായി. 10,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
പ്രധാന വേദി കൂടാതെ തട്ട, ആനന്ദപ്പള്ളി എന്നിവിടങ്ങളിലെ പള്ളി ഓഡിറ്റോറിയങ്ങളും വേദികളായി ക്രമീകരിച്ചിട്ടുണ്ട്. മൂന്നുദിവസത്തെ ബൈബിൾ കൺവൻഷനും 19നു വൈകുന്നേരം നിഖ്യാ സുന്നഹദോസ് വാർഷിക സമ്മേളനവും പ്രധാന വേദിയിലാണ്. 19ന് ഉച്ചകഴിഞ്ഞ് അല്മായ സംഗമവും 20നു നടക്കുന്ന സഭാതല സംഗമവും പുനരൈക്യ വാർഷികവും മാർ ഈവാനിയോസ് നഗറിലെ പ്രധാന വേദിയിലാണ്. യുവജനസംഗമം തട്ട സെന്റ് ആന്റണീസ് ദേവാലയത്തിലും കുട്ടികളുടെ സംഗമം ആനന്ദപ്പള്ളി സെന്റ് മേരീസ് ദേവാലയത്തിലുമായി നടക്കും.
പത്തനംതിട്ട രൂപതയിലെ പ്രയാണങ്ങൾ
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാർഷികാഘോഷ നഗറിൽ പ്രതിഷ്ഠിക്കാനുള്ള ബൈബിൾ, വള്ളിക്കുരിശ്, കാതോലിക്കാ പതാക, ഛായാചിത്ര പ്രയാണങ്ങൾ പത്തനംതിട്ട രൂപതയിലെ അഞ്ച് വൈദികജില്ലകളുടെ ചുമതലയിൽ ഇന്നു നടക്കും.

ബൈബിൾ കോന്നി വൈദിക ജില്ലയിൽ നിന്നു പ്രയാണമായി എത്തിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൂടൽ സെന്റ് പീയൂസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്ന് ആരംഭിക്കുന്ന പ്രയാണം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ എത്തി രൂപതയിലെ വിവിധ വൈദിക ജില്ലകളിൽ നിന്നുള്ള പ്രയാണങ്ങളുമായി ചേരും.
വള്ളിക്കുരിശ് പ്രയാണം സീതത്തോട് വൈദിക ജില്ലയിൽ നിന്നാണ്. കാതോലിക്കാ പതാക റാന്നി പെരുനാട് വൈദികജില്ലയുടെ ആഭിമുഖ്യത്തിൽ മാന്പാറ ദേവാലയത്തിൽ നിന്നാരംഭിക്കും. ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രീഗോറിയോസിന്റെ ഛായാചിത്രം പത്തനംതിട്ട വൈദികജില്ലയിൽ നിന്നും പ്രയാണം തുടങ്ങും. സീതത്തോട്, കോന്നി, പെരുനാട്, പത്തനംതിട്ട പ്രയാണങ്ങൾ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ സംഗമിച്ചശേഷമാണ് അടൂരിലേക്ക് നീങ്ങുന്നത്.
പന്തളം വൈദികജില്ലയിൽ നിന്നും മേജർ ആർച്ച് ബിഷപ് സിറിൽ ബസേലിയോസ് കാതോലിക്കാ ബാവയുടെ ഛായാചിത്രവുമായുള്ള പ്രയാണം എംസി റോഡുവഴി അടൂരിലെത്തും.
അടൂർ സെൻട്രലിൽ തിരുവനന്തപുരം, മാവേലിക്കര, തിരുവല്ല രൂപതകളിൽ നിന്നുള്ള പ്രയാണങ്ങളുമായി തിരുഹൃദയ ദേവാലയത്തിൽ സംഗമിച്ച് അടൂർ മാർ ഈവാനിയോസ് നഗറിൽ എത്തിച്ചേരും. തുടർന്ന് സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സമ്മേളനനഗറിൽ പതാക ഉയർത്തും.
തിരുവല്ലയിൽ നിന്ന് ഛായാചിത്ര പ്രയാണം
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 95 ാം പുനരൈക്യ വാർഷിക ആഘോഷത്തിന് മുന്നോടിയായി പുനരൈക്യ പ്രസ്ഥാനത്തിന്റെ സഹശില്പിയും തിരുവല്ല അതിഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന യാക്കോബ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദേവാലയത്തിൽ നിന്നും ഛായാചിത്രം ഇന്ന് കൊണ്ടുപോകും.
പുനരൈക്യ സംഗമം നടക്കുന്ന അടൂർ ഓൾ സെയിന്റസ് പബ്ളിക് സ്കൂളിലേയ്ക്ക് തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഛായചിത്ര പ്രയാണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും.
തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറാൾ മോൺ.ഡോ. ഐസക് പറപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. എംസിവൈഎം തിരുവല്ല അതിഭദ്രാസന ഡയറക്ടർ ഫാ. ചെറിയ കുരിശുമൂട്ടിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു മുളവേലിൽ, പ്രസിഡന്റ് സിറിയക് വി. ജോൺ, ജനറൽ സെക്രട്ടറി സച്ചിൻ രാജു സക്കറിയ, എംസിഎ തിരുവല്ല അതിഭദ്രാസന വൈദിക ഉപദേഷ്ടാവ് ഫാ. മത്തായി മണ്ണൂർ വടക്കേതിൽ, പ്രസിഡന്റ് ബിജു പാലത്തിങ്കൽ, ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോൺ എന്നിവർ നേതൃത്വം നൽകും.
വൺവേ സംവിധാനം
അടൂർ - പത്തനംതിട്ട റൂട്ടിൽ പന്നിവിഴയിൽ നിന്ന് സ്കൂൾ ഗ്രൗണ്ടിലേക്ക് (ചെറിയ വാഹനങ്ങൾ)
കണ്ണങ്കോട്, അടൂർ ഭാഗത്തേക്കും ബൈപാസിലേക്കും ഗീതം ഓഡിറ്റോറിയത്തിന് മുമ്പിലൂടെയുള്ള വഴി മടക്കയാത്രയ്ക്ക് ഉപയോഗിക്കണം.
നൂറ് മണിക്കൂർ ദിവ്യകാരുണ്യ ആരാധന
പത്തനംതിട്ട: അടൂരിൽ നടക്കുന്ന 95 ാമത് പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയിലെ സുവിശേഷസംഘം നടത്തുന്ന നൂറ് മണിക്കൂർ ദിവ്യകാരുണ്യ ആരാധന ഇന്നു രാവിലെ എട്ടു മുതൽ 20ന് ഉച്ചയ്ക്ക് 12വരെ തട്ട സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലും ഓൾ സെയ്ന്റ്സ് പബ്ലിക് സ്കൂളിലുമായി നടക്കും.