ഹണിട്രാപ്പ് ക്രൂരത: ദുരൂഹതകൾ ബാക്കി
1591957
Tuesday, September 16, 2025 1:08 AM IST
കോഴഞ്ചേരി: ഹണിട്രാപ്പില്‍ കുരുക്കി രണ്ട് യുവാക്കളെ മനുഷ്യത്വരഹിതമായി ഉപദ്രവിച്ച ജയേഷ് - രശ്മി ദന്പതികളുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞത്. ഇവരുടെ സ്വഭാവ രീതികളും സമീപവാസികൾക്ക് മനസിലാക്കാനായിരുന്നില്ല. റാന്നി, ആലപ്പുഴ സ്വദേശികളെ ക്രൂരമായി ഉപദ്രവിച്ച ദന്പതികൾ റിമാൻഡിലാണെങ്കിലും ഇവരെ സംബന്ധിച്ച വിവരങ്ങൾ തേടി പോലീസ് ഇന്നലെയും വിശദമായ അന്വേഷണം നടത്തി. ക്രൂരമർദനത്തിനിരയായ ആലപ്പുഴ സ്വദേശിയ സംഭവം നടന്ന ആന്താലിമണ്ണിലെത്തിച്ച് തെളിവുമെടുത്തു.
കോയിപ്രം, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ കള്ളിപ്പാറ-ആന്താലിമണ്‍ പ്രദേശത്താണ് ഇവര്‍ താമസിച്ചിരുന്നത്. ഇരുപഞ്ചായത്തുകളിലെയും വോട്ടര്‍പട്ടികയില്‍ ഇവരുടെ പേര് ഇല്ലെന്ന് കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും നാലാംവാര്‍ഡ് മെംബറുമായ റെനി രാജു കുഴിക്കാലയും തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റ് ഷെറിന് റോയിയും പറയുന്നു.
എന്നാല്‍, ജയേഷിന്റെ മാതാപിതാക്കള്‍ക്ക് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ വോട്ട് ഉണ്ടായിരുന്നു. ഇരുവരും മരിച്ചുപോയി. മാതാവ് മരിക്കുമ്പോള്‍ കോയിപ്രം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മരണാനന്തരപ്രവര്ത്തനങ്ങള്ക്കു സാമ്പത്തിക സഹായം നല്‍കിയിരുന്നതായി റെനി രാജു കുഴിക്കാല പറയുന്നു.
സാമ്പത്തികമായി പിന്നോക്കം അവസ്ഥയിലായിരുന്നുവെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയോ മറ്റ് സ്ഥാപനങ്ങളിലെയോ ഒരു സഹായത്തിനായി ഇവര്‍ സമീപിച്ചിരുന്നില്ല. എല്ലാവരുമായും ഒരു നിശ്ചിതഅകലം പാലിച്ചായിരുന്നു ജീവിതം. സമീപവാസികളേറെയും ദിവസക്കൂലിക്കു പണിയെടുക്കുന്നവരായതിനാൽ വൈകുന്നേരം വീടുകളിൽ മടങ്ങിയെത്തി തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്കു കടക്കുമെന്നതിനാൽ ഇവരെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിവില്ലായിരുന്നു.
ന്യൂജെന്‍ ജീവിതം
ജയേഷ് ന്യൂജെന്‍ രീതിയിലാണ് ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഹിറ്റാച്ചി കമ്പനിയിലെ ജീവനക്കാരനായ ഇയാൾ സിനിമാസ്റ്റൈലില്‍ ഹെഡ്ഫോണില് പാട്ടും മറ്റും കേട്ടുകൊണ്ടാണ് നടന്നിരുന്നത്. അയല്‍വാസികളുമായി യാതൊരു സഹകരണവും ഇല്ലായിരുന്നുവെന്നും പരിസരവാസിയായ സുരേഷ് പറഞ്ഞു. ചെറിയ വീടാണെങ്കിലും സിസിടിവി കാമറ ഘടിപ്പിച്ചിരുന്നു. എന്നാൽ, ഇതിപ്പോൾ പ്രവർത്തിക്കുന്നില്ലെന്നാണ് സൂചന.
രശ്മി കോഴഞ്ചേരിയിലടക്കം ചില വാണിജ്യ സ്ഥാപനങ്ങളിലും പൊതിച്ചോര്‍ വിതരണസ്ഥാപനങ്ങളിലും താല്‍ക്കാലിക ജീവനക്കാരിയിരുന്നു. പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികളായ ഇവരുടെ കുട്ടികളെ രശ്മിയുടെ വീട്ടുകാര്‍ അയിരൂരിലുള്ള കുടുംബവീട്ടിലേക്കു മാറ്റിയിരിക്കുകയാണ്.
ആഭിചാരക്രിയകളും അന്ധവിശ്വാസവും
ജയേഷിന്റെ മാതാവ് കാഷായവസ്ത്രം ധരിച്ച് ക്ഷേത്രങ്ങളിലും മറ്റും തീര്‍ഥാടനം നടത്തി ജീവിക്കുകയായിരുന്നുവെന്നും ഇവരുടെ രീതികള്‍ കണ്ട് ജയേഷ് ആഭിചാരക്രിയകളും മറ്റും നടത്തിയിരുന്നതായി സംശയവും നാട്ടുകാര്‍ക്കുണ്ട്. ഇവര്‍ താമസിക്കുന്ന വീടിന്റെ പുറകുവശത്തുള്ള റബര്‍തോട്ടം വഴി ആളുകള്‍ വീട്ടിലെത്തിയിരുന്നതായും പറയുന്നു.
ഇരുവർക്കും മനോവൈകല്യമുണ്ടെന്ന സംശയത്തിലാണ് പോലീസ്. രശ്മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി അഭിനയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത ശേഷമാണ് ദമ്പതികള്‍ യുവാക്കളെ മര്‍ദിച്ചതെന്നാണ് വിവരം. യുവാവിന്റെ പക്കല്‍നിന്നു പണവും ഐഫോണും അടക്കമുള്ള സാധനങ്ങള്‍ പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു.
സമാനമായ രീതിയില്‍ ദമ്പതികളുടെ മര്‍ദനമേറ്റ ആലപ്പുഴ സ്വദേശിയെ കണ്ടെത്തിയാണ് പോലീസ് മൊഴിയെടുത്തത്. ഇയാള്‍ കേസ് നല്‍കാന്‍പോലും തയാറല്ലായിരുന്നു. 19 കാരനായ യുവാവിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ഒന്നിനാണ് ഇയാള്‍ക്ക് മര്‍ദനമേറ്റത്.
മാരാമണ്ണിലേക്ക് വിളിച്ചുവരുത്തി ജയേഷ് ഇയാളുമായി മദ്യപിച്ച ശേഷമാണ് വീട്ടിലെത്തിയത്. റാന്നി സ്വദേശിയുടെ മൊഴിയില്‍ പറയുന്ന തരത്തിലായിരുന്നു ഇയാൾക്കും മര്‍ദനം. രണ്ട് ഫോണുകളും കൈവശമുണ്ടായിരുന്ന 19,000 രൂപയും നഷ്ടപ്പെട്ടതായി യുവാവ് പറയുന്നു. പരാതിയില്ലാതെ ഒളിവില്‍ കഴിയുന്നതിനിടെയാണ് യുവാവിനെ പോലീസ് കണ്ടെത്തി മൊഴി രേഖപ്പെടുത്തിയത്. മുറിവുകള്‍ക്കു ഇയാൾ ചികിത്സ തേടിയിരുന്നു.