ചെന്നീര്‍ക്കരയിലെ പ്രൗഡ് ഫാര്‍മേഴ്സ് വാട്സ്ആപ് കൂട്ടായ്മയുടെ ഓണവിപണി സൂപ്പര്‍ ഹിറ്റായി
1453708
Tuesday, September 17, 2024 12:46 AM IST
പത്തനംതിട്ട: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിനൊപ്പം വിഷരഹിത ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച വാട്സ് ആപ് കൂട്ടായ്മ പ്രൗഡ് ഫാര്‍മേഴ്സിന്റെ ഓണം വിപണി ഹിറ്റായി.
ചെന്നീര്‍ക്കരയിലെ 1024 കര്‍ഷകര്‍ ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മാത്രം മുന്‍പ് രൂപീകരിച്ച സോഷ്യല്‍ മീഡിയാ കൂട്ടായ്മയാണ് പ്രൗഡ് ഫാര്‍മേഴ്സ്. കര്‍ഷകര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ അവശ്യക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കാര്‍ഷിക ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് വീടുകളിലെത്തിച്ച് കൊടുക്കുകയാണ് പ്രധാനമായും ഈ കൂട്ടായ്മ ലക്ഷ്യംവയ്ക്കുന്നത്.
കര്ഷകൻ നല്കുന്ന അതേ വിലയ്ക്കുതന്നെ ഉപഭോക്താവിനും സാധനങ്ങള്‍ ലഭ്യമാകും. ലാഭം ലക്ഷ്യമാക്കിയല്ല സംസ്ഥാനത്തിനാകെ മാതൃകയായ ഈ നവമാധ്യമ കര്‍ഷക കൂട്ടായ്മയുടെ ലക്ഷ്യം.
കാന്‍സറിനെതിരായ പ്രതിരോധമാണ് കൂട്ടായ്മ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നതെന്നു കൂട്ടായ്മയുടെ പ്രവര്‍ത്തകയായ സോഫി പറഞ്ഞു. കര്‍ഷകരെ ചൂഷണംചെയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുകയും ഉത്പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കാനും കൂട്ടായ്മ ഏറെ സഹായകമാണ്. പ്രവര്‍ത്തനം ശക്തമായതോടെ ഊന്നുകല്ലിലും ഇലവുംതിട്ട ജംഗ്ഷനിലും രണ്ടു സ്റ്റാളുകളും തുറന്നിട്ടുണ്ട്.
നീണ്ടകര, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്ന് വിഷരഹിതമായ മത്സ്യം എത്തിച്ച് വിപണനം ചെയ്യുന്നതിലൂടെയാണ് ഈ നവമാധ്യമ കൂട്ടായ്മ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്. മത്സ്യം സ്റ്റാളുകളില്‍ എത്തുമ്പോള്‍ത്തന്നെ വാട്സാപ്പിലൂടെ ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞിരിക്കും. നേരിട്ടോ ഹോം ഡെലിവറിയിലൂടെയോ ഉത്പന്നങ്ങള്‍ ലഭ്യമാകും.