പത്തനംതിട്ട: അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ നേതൃത്വത്തിൽ കോന്നിയിൽ ആരംഭിക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം 16നു നടക്കും. കോന്നി ടൗണിൽ ആനക്കൂട് റോഡരികിൽ ആരംഭിക്കുന്ന ക്ലിനിക്കിൽ പ്രാഥമിക ചികിത്സാ സൗകര്യങ്ങളും പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉണ്ടാകുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ.എസ്. പാപ്പച്ചൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
16ന് ഉച്ചകഴിഞ്ഞ് രണ്ടിനു ചേരുന്ന യോഗത്തിൽ മന്ത്രി വീണാ ജോർജ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിക്കും. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു,
സിപിഐ സംസ്ഥാന കമ്മിറ്റിയംഗം പി.ആർ. ഗോപിനാഥ്, കെപിസിസി മെംബർ മാത്യു കുളത്തുങ്കൽ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഇ. അബ്ദുറഹ്മാൻ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ, എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട തുടങ്ങിയവർ പ്രസംഗിക്കും.
ഗൈനക്കോളജി, ശിശുരോഗം, അസ്ഥിരോഗം, കാർഡിയോളജി, ജനറൽ മെഡിസിൻ, സർജറി, ശ്വാസകോശ രോഗങ്ങൾ, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്ലിനിക്കിൽ ലഭ്യമാണ്. തുടർ ചികിത്സയ്ക്കായി അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ലൈഫ് ലൈൻ ആശുപത്രിയുടെ കേരളത്തിൽ ആരംഭിച്ച മൂന്നാമത്തെ ക്ലിനിക്കാണ് കോന്നിയിലേത്. കൊച്ചിയിലും കൊല്ലത്തും രണ്ടുവർഷത്തിലേറെയായി ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്.
ആശുപത്രി സിഇഒ ഡോ.ജോർജ് ചാക്കച്ചേരി, കോന്നിയിലെ ക്ലിനിക് അഡ്മിനിസ്ട്രേറ്റർ അബ്ദുൾ ആസാദ്, പിആർഒ ശ്രീകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.