സജുവിനും സിബിനും നാടിന്റെ അന്ത്യാഞ്ജലി
1430117
Wednesday, June 19, 2024 4:45 AM IST
പത്തനംതിട്ട: കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസിന്റെയും മല്ലപ്പള്ളി കീഴ്വായ്പൂര് സ്വദേശി സിബിന് ടി. ഏബ്രഹാമിന്റെയും സംസ്കാരം തിങ്കളാഴ്ച നടന്നു.
കോന്നി അട്ടച്ചാക്കല്‍ ചെന്നശേരി ശാലോം വില്ലയില്‍ സജുവിന്റെ മൃതദേഹം അടൂര്‍ ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാവിലെ അട്ടച്ചാക്കലിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. ഭാര്യ ബിന്ദുവും മക്കളും ബന്ധുക്കളും ആദരാഞ്ജലി അര്‍പ്പിച്ചത് വികാര നിര്‍ഭര രംഗങ്ങളോടെയായിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായി കുവൈറ്റില്‍ ജോലിയെടുത്ത സജു ഇളയ മകളുടെ പ്ലസ് വണ്‍ ക്ലാസ് ആരംഭിക്കുമ്പോള്‍ നാട്ടിലുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ആ വാക്കുകള്‍ ഓര്‍ത്ത് പൊട്ടിക്കരയുകയായിരുന്നു കുടുംബം.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, എന്‍ബിടിസി മാനേജിംഗ് ഡയറക്ടര്‍ കെ.ജി. ഏബ്രഹാം, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്യു കുളത്തുങ്കൽ, റവന്യു, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. മന്ത്രിമാരായ വീണാ ജോർജ്, പി. പ്രസാദ് എന്നിവർ നേരത്തേ സജു വർഗീസിന്റെ അട്ടച്ചാക്കലിലെ വീട്ടിൽ എത്തിയിരുന്നു.
അട്ടച്ചാക്കല്‍ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ മൃതദേഹം സംസ്കരിച്ചു.
കീഴ്വായ്പൂരില്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍
മല്ലപ്പള്ളി: കുവൈറ്റില്‍ മരിച്ച കീഴ്വായ്പൂര് സ്വദേശി സിബിന് ടി. ഏബ്രഹാമിനും ജന്മനാട് അന്തിമോപചാരം അർപ്പിച്ചു. മല്ലപ്പള്ളി ജോര്‍ജ് മാത്തന് മിഷന് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കീഴ് വായ്പൂര് തേവരോട്ട് വീട്ടുമുറ്റത്തേക്ക് എത്തിച്ചപ്പോഴേക്കും സങ്കടക്കടലായി. ഭാര്യ അഞ്ജുമോളുടെയും സിബിന്റെ പിതാവ് ഏബ്രഹാം മാത്യുവിന്റെയും സങ്കടം പലപ്പോഴും അണപൊട്ടി ഒഴുകുന്നതു പോലെയായി.
ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, എപ്പിസ്കോപ്പമാരായ തോമസ് മാർ തിമോത്തിയോസ്, മാത്യൂസ് മാർ മക്കാറിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവർ ഭവനത്തിലും ദേവാലയത്തിലും പ്രാർഥനകൾക്ക് നേതൃത്വം നൽകി.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി വീണാ ജോർജ്, എംപിമാരായ ആന്റോ ആന്റണി, കെ. ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായൺ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, മുൻ എംഎൽഎ ജോസഫ് എം. പുതുശേരി, എൻബിടിസി മാനേജിംഗ് പാർട്ണർ കെ.ജി. ഏബ്രഹാം, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, ബിജെപി ദേശീയസമിതിയംഗം വിക്ടർ ടി. തോമസ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കുവൈറ്റിൽ മരിച്ചവരുടെ വീടുകൾ കേന്ദ്രമന്ത്രി സന്ദർശിച്ചു
പന്തളം: കുവൈറ്റിൽ അഗ്നിബാധയിൽ മരിച്ച പത്തനംതിട്ട സ്വദേശികളുടെ വീടുകൾ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചു. നിരവധി മലയാളികൾ മരിക്കാനിടയായ സംഭവം അതീവ ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ മരണമടഞ്ഞ പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ നായർ, പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ്. നായർ, തിരുവല്ല മേപ്രാൽ സവദേശി തോമസ് സി. ഉമ്മൻ എന്നിവരുടെ വീടുകൾ സന്ദർശിച്ച അനുശോചനം അറിയിച്ച മന്ത്രി അട്ടച്ചാക്കലിൽ സജു വർഗീസിന്റെയും കീഴ്വായ്പൂരിൽ സിബിൻ ടി. ഏബ്രഹാമിന്റെ സംസ്കാര ശുശ്രൂഷകളിലും പങ്കെടുത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജനറൽ സെക്രട്ടറി പ്രദീപ് ആയിരൂർ, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി. തോമസ്, സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ അശോകൻ കുളനട, സംസ്ഥാന സെക്രട്ടറി കെ. പ്രതാപൻ, ജില്ലാ-മണ്ഡലം നേതാക്കൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.