ഐരവൺ പാലം നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും
1430574
Friday, June 21, 2024 4:29 AM IST
കോന്നി: അരുവാപ്പുലം - ഐരവണ്‍ പാലത്തിന്റെ നിര്‍മാണ പുരോഗതി കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി. 12.25 കോടി രൂപ ചെലവിൽ പൊതുമരാമത്ത് പാലം വിഭാഗമാണ് നിർമാണം നടത്തുന്നത്.
നിർമാണ ജോലികൾ വേഗത്തിലാക്കിയിട്ടുണ്ട്. അച്ചൻകോവിലാറ്റിലെ മൂന്ന് തൂണുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഐരവൺ കരയിലെ തൂണുകളുടെ നിർമാണവും പൂർത്തിയായി. അരുവാപ്പുലം കരയിലെ അവസാനത്തെ തൂണുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
പാലത്തിന് 183.7 മീറ്റർ നീളവും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി 11 മീറ്റർ വീതിയുമാണുള്ളത്. നദിക്കു കുറുകെ മൂന്നു സ്പാനുകളും ഇരുകരകളിലുമായി ആറു ലാൻഡ് സ്പാനുകളുമാണുള്ളത്. ഇവയിൽ ഒരു ലാൻഡ് സ്പാൻ ഐരവൺ ഭാഗത്തും അഞ്ച് ലാൻഡ് സ്പാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിഎം ബിസി ഉപരിതല നിർമാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്. പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി ഒന്നര വർഷമാണ്.
ഐരവൺ പാലത്തിനും അപ്രോച്ച് റോഡിനും ഭൂമി വിട്ടുനൽകിയവരുടെ സ്ഥലംഏറ്റെടുക്കലിന്റെ സർവേ നടപടികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്നും സമയബന്ധിതമായി പാലത്തിന്റെ നിർമാണം പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോടും കരാറുകാരനോടും എംഎൽഎ നിർദേശിച്ചു.
യോഗത്തിൽ എംഎൽഎയോടൊപ്പം ഡെപ്യൂട്ടി കളക്ടർ പ്രേംലാൽ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ അജിത്ത്, അസി.എക്സിക്യൂട്ടീവ് എൻജിനിയർ ഷീജ തോമസ്, അസി. എൻജിനിയർ ചന്തു, സ്പെഷൽ തഹസിൽദാർ റജീന,
കരാർ കമ്പനി എംഡി കെ. രാജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വര്‍ഗീസ് ബേബി, സി.എന്‍. ബിന്ദു, വി. ശ്രീകുമാര്‍, അരുവാപ്പുലം സഹകരണ ബാങ്ക് പ്രസിഡന്റ് രഘുനാഥ് ഇടത്തിട്ട, അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീബ, ജോജു വർഗീസ്, വസ്തു ഉടമകൾ തുടങ്ങിയവര്‍ പങ്കെടുത്തു.