പത്തനംതിട്ട നഗരം നിറയെ നിരോധിത മേഖലകൾ
1430351
Thursday, June 20, 2024 4:07 AM IST
പത്തനംതിട്ട: വികസനം പാരയായി മാറുകയാണ് പത്തനംതിട്ടയ്ക്ക്. ഒരേ സമയം ഒന്നിലധികം വികസന പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ പത്തനംതിട്ടക്കാർക്ക് മുഴുവൻ നിരോധിത മേഖലകൾ.
റോഡ് വികസനം, സ്റ്റേഡിയം, ആശുപത്രി നിർമാണം ഇവയുടെ പേരിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനങ്ങളാണ് നഗരത്തിലെത്തുന്നവർക്കും വ്യാപാരികൾക്കും പ്രദേശവാസികൾക്കുമെല്ലാം ഒരേപോലെ ബുദ്ധിമുട്ടായി മാറുന്നത്.
തുടങ്ങിവച്ച പല നിർമാണങ്ങളും അനിശ്ചിതമായി നീളുന്നതും സമീപകാലത്ത് ആരംഭിച്ചവയുടെ മെല്ലപ്പോക്കുമാണ് ആശങ്ക വർധിപ്പിക്കാൻ കാരണം. വികസന പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യുന്നതിനൊപ്പം ഇവയെല്ലാം ഒന്നിച്ച് നടത്തുന്നതിലെ അശാസ്ത്രീയതയും അനിശ്ചിതത്വങ്ങളുമാണ് പ്രതിഷേധത്തിലേക്കു നയിക്കുന്നത്.
കെഎസ്ആർടിസിയിൽ
കെഎസ്ആർടിസി ബസ് ടെർമിനിൽ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയെങ്കിലും ഏഴ് വർഷം മുന്പ് ലേലം ചെയ്തു നൽകിയ മുറികൾ വ്യാപാര സ്ഥാപനങ്ങൾക്ക് നൽകാനായിട്ടില്ല.
കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് കാരണം. പത്തനംതിട്ട ജില്ലയ്ക്കു പുറത്തുനിന്നുള്ളവർ പോലും മുറികൾ വാടകയ്ക്ക് എടുക്കാൻ സെക്യൂരിറ്റി തുക നൽകിയിരുന്നു.
വർഷങ്ങളേറെയായിട്ടും ഇവർക്ക് മുറികൾ അനുവദിച്ചു നൽകാനായിട്ടില്ല. പുതിയ ടെർമിനൽ തുറന്ന് ബസുകൾ ഓപ്പറേറ്റ് ചെയ്തു തുടങ്ങിയെങ്കിലും കെട്ടിട നിർമാണം സംബന്ധിച്ച് ആക്ഷേപങ്ങളേറെയുണ്ട്. ഇത് പരിഹരിച്ചെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുകയുള്ളൂ.
സ്റ്റേഡിയവും അടച്ചു
ജില്ലാ സ്റ്റേഡിയം പുനർനിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചിരിക്കുകയാണ്. ഇതോടെ പത്തനതിട്ട ജില്ലയിലെ പ്രധാന കായിക മത്സരവേദിയാണ് കൊട്ടി അടയ്ക്കപ്പെട്ടത്.
സംസ്ഥാന ചാന്പ്യൻഷിപ്പുകൾക്കും കായികമേളകൾക്കും വേദിയായിരുന്ന ജില്ലാ സ്റ്റേഡിയം പൂർണമായി അടച്ചിട്ടാണ് നിർമാണപ്രവർത്തനം. സ്കൂൾ കായിക മേളകളടക്കം ഇനി പത്തനംതിട്ടയ്ക്കു പുറത്തേക്കു മാറ്റപ്പെടും.
നിർമാണജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കാനാകുമോയെന്ന സംശയം ബാക്കിയാണ്.
ജനറൽ ആശുപത്രിയിൽ സ്ഥലപരിമിതി
ജനറൽ ആശുപത്രിയിലെ പ്രധാന കെട്ടിടങ്ങൾ പൊളിച്ച് പുതിയവ പണിയുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതോടെ ആശുപത്രിയിലേക്കുള്ള പ്രധാനവഴിയാണ് അടച്ചത്. ടികെ റോഡിൽനിന്ന് നിലവിൽ ആശുപത്രിയിലേക്ക് പ്രവേശനമില്ല. ഡോക്ടേഴ്സ് ലെയ്ൻ റോഡാണ് അത്യാഹിത വിഭാഗത്തിലേക്കടക്കമുള്ള പാത. വീതി കുറഞ്ഞ ഈ റോഡ് വൺവേയായി പ്രഖ്യാപിച്ചെങ്കിലും പലപ്പോഴും വാഹനങ്ങൾ കുരുക്കിൽപ്പെടുകയാണ്.
ആശുപത്രിക്കുള്ളിൽ ഒപി, അത്യാഹിത വിഭഗങ്ങളിൽ തിരക്ക് വർധിക്കുന്നതിനനുസരിച്ച് സൗകര്യങ്ങളില്ല. പരിമിതികൾ പ്രതിദിനം ബുദ്ധിമുട്ടുകൾ വർധിപ്പിക്കുകയാണ്. പുതിയ ഒപി, അത്യാഹിതവിഭാഗം കെട്ടിടങ്ങൾക്കുള്ള പണികളാണ് ആരംഭിച്ചിരിക്കുന്നത്. ഇവയുടെ നിർമാണം പൂർത്തിയാകുന്നതു സംബന്ധിച്ച് സമയബന്ധിത തീരുമാനങ്ങളില്ലാത്തതിനാൽ പുറത്തെ വ്യാപാര മേഖലയടക്കം ആശങ്കയിലാണ്.
റിംഗ് റോഡിലെ സ്ഥാപനങ്ങൾ പൂട്ടി
പത്തനംതിട്ട എസ്പി ഓഫീസ് ജംഗ്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗം മേൽപാലം നിർമാണജോലികൾക്കായി അടച്ചിട്ട് മൂന്ന് വർഷമായി. വാഹനഗതാഗതം പൂർണമായി നിലച്ചതിനു പിന്നാലെ ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായി അടച്ചു. ഹോട്ടലുകൾ, വസ്ത്രവ്യാപാരം, മൊബൈൽ വ്യാപാരം, ഫർണിച്ചർ വ്യാപാരം, ബേക്കറികൾ എന്നിവ അടച്ചു. ബിസിനസ് മേഖലയിൽ കെട്ടിടം പണിതവർ നിരാശരായി.
ബാങ്കുകളിൽനിന്നും വായ്പ എടുത്ത് കെട്ടിടം പണിയുകയും വ്യാപാര മേഖലയിൽ മുതൽമുടക്കുകയും ചെയ്തവരാണ് ദുരിതത്തിലായത്. ഗതാഗതം പൂർണമായി തടഞ്ഞിട്ടതോടെ റിംഗ് റോഡിലേക്ക് ആളുകൾ എത്തില്ലെന്നായി. പ്രമുഖ കന്പനികളുടെ മൊത്തവ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയാണ് ഈ ഭാഗത്ത് അടച്ചിടേണ്ടി വന്നത്.
ബസ് സ്റ്റാൻഡിനു സമീപത്തെ പെട്രോൾ പന്പിനു പോലും വരുമാനമില്ലാത്ത സ്ഥിതിയാണ്. അനിശ്ചിതമായി നീളുന്ന മേൽപാലം നിർമാണം കാരണം ഏതുകാലത്ത് സ്ഥാപനങ്ങൾ പ്രവർത്തിക്കാനാകുമെന്നു നിശ്ചയമില്ല. നഗരത്തിലെ ഗതാഗത സംവിധാനത്തെയും റിംഗ് റോഡിലെ തടസം ബാധിച്ചിട്ടുണ്ട്.