മാർ ക്ലീമിസ് അനുസ്മരണയാത്ര നാളെ റാന്നിയിൽ നിന്ന്
1338837
Thursday, September 28, 2023 12:06 AM IST
റാന്നി: ഏബ്രഹാം മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയുടെ 21 -ാമത് ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച അനുസ്മരണയാത്ര നാളെ റാന്നിയിൽ നിന്നാരംഭിക്കും. മാർ ക്ലീമിസ് മെത്രാപ്പോലീത്ത അന്ത്യവിശ്രമം കൊള്ളുന്ന ചിങ്ങവനം സെന്റ് ജോൺസ് ദയറാപള്ളിയിൽ നാളെയും 30നുമാണ് ശ്രാദ്ധപ്പെരുന്നാൾ.
മാർ ക്ലീമിസ് അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നി സെന്റ് തോമസ് വലിയ പള്ളിയിൽ നിന്നു നാളെ ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന അനുസ്മരണ യാത്ര റാന്നി മേഖലാധ്യക്ഷൻ കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ആശിർവദിക്കും. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
പ്രമോദ് നാരായൺ എംഎൽഎ അനുസ്മരണ സന്ദേശം നൽകും. മുൻ എംഎൽഎ രാജു ഏബ്രഹാമിൽ നിന്നു ജാഥാ ക്യാപ്റ്റൻ ആലിച്ചൻ ആറൊന്നിൽ പതാക ഏറ്റുവാങ്ങും.
റാന്നിയില വിവിധ സ്വീകരണങ്ങൾക്കുശേഷം പ്ലാങ്കമൺ സെന്റ് ഇഗ്നേഷ്യസ് യാക്കോബായ ദേവാലയം, ഇരവിപേരൂർ സെന്റ് മേരീസ് ദേവാലയം, വള്ളംകുളം, ബേദ്നഹീർ അരമന, കറ്റോട് സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളിൽ സ്വീകരണം.
ചിങ്ങവനം പുത്തൻപള്ളി നൽകുന്ന സ്വീകരണത്തിനു ശേഷം, തിരുമേനിയുടെ ഛായാചിത്രം വഹിച്ചിരിക്കുന്ന രഥത്തിനു പിന്നിൽ വിശ്വാസികൾ അണിനിരന്ന് കത്തിച്ച മെഴുകുതിരികളുമായി കാൽനടയായി കബറിങ്കലേക്കു നീങ്ങും.