പത്തനംതിട്ട: അന്തര്‍ദേശീയ ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന് നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച ചെറുധാന്യങ്ങളുടെ (മില്ലെറ്റ്സ്) പ്രചരണാർഥം ചെറുധാന്യ പ്രദര്‍ശന, വിപണന, ബോധവത്കരണ യാത്ര "നമത്ത് തീവനഗ' ജില്ലയില്‍ എത്തിച്ചേര്‍ന്നു.
ഇതോടനുബന്ധിച്ച് ചെറുധാന്യങ്ങളുടെ വിപണനമേള, പോഷകാഹാര ക്ലാസുകള്‍, വിത്തുകളുടെ പ്രദര്‍ശനം, പോഷകാഹാരമേള എന്നിവ പത്തനംതിട്ട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു.
മില്ലെറ്റുകളുടെ ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുക, അവബോധം സൃഷ്ടിക്കുക, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള പോഷകഗുണങ്ങളും പ്രതിരോധശേഷിയും കണക്കിലെടുത്ത് മില്ലെറ്റുകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ കൊണ്ടുവരിക തുടങ്ങിയവയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
അട്ടപ്പാടിയില്‍ ഉത്പാദിപ്പിക്കുന്ന വിവധതര ചെറുധാന്യങ്ങളുടെ പ്രദര്‍ശനവും വിപണനവും വിവിധ വിത്തിനങ്ങളുടെ പ്രദര്‍ശനം, ചെറുധാന്യങ്ങളുടെ ഭക്ഷ്യമേള തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു.
മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു. പത്തനംതിട്ട നഗരസഭ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, സബ് കളക്ടര്‍ സഫ്ന നസറുദീന്‍ എന്നിവര്‍ മേള സന്ദര്‍ശിച്ചു.
ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, കുടുംബശ്രീ എസ്പിഎം ട്രൈബല്‍ പ്രഭാകരന്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, അട്ടപ്പാടി സ്പെഷല്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഷൈജു പത്മനാഭന്, അസി. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. ബിന്ദുരേഖ തുടങ്ങിയവര്‍ പങ്കെടുത്തു.