ടൂറിസം: പെരുന്തേനരുവിയിലെ ശുചിമുറി കെട്ടിടം വീണ്ടും കാടുമൂടി
1336562
Monday, September 18, 2023 11:23 PM IST
റാന്നി: പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി നാറാണംമൂഴി പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും ഫണ്ട് ഉപയോഗിച്ച് നിർമിച്ച ശുചിമുറി കെട്ടിടം വീണ്ടും കാടുമൂടിയ നിലയിൽ.
പെരുന്തേനരുവിയിൽ വരുന്ന വിനോദസഞ്ചാരികൾക്കായി പണികഴിപ്പിച്ച 12 ടോയ്ലറ്റും വിശ്രമ മുറിയും അടങ്ങുന്ന കെട്ടിടമാണ് അഞ്ചു വർഷത്തോളമായി കാടുമൂടിയ നിലയിൽ കിടക്കുന്നത്. 2017 - 2018 കാലയളവിൽ 15 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടമാണിത്.
കെട്ടിട നിർമാണം പൂർത്തിയായി പ്ലംബിംഗ് പണികൾ കഴിഞ്ഞെങ്കിലും ഇതേവരെയും വെള്ളം ലഭ്യമാക്കാനായിട്ടില്ല. വൈദ്യുതീകരണ ജോലികളും ബാക്കിയാണ്.
ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച കെട്ടിടവും പരിസരവും വൃത്തിയാക്കി ബാക്കി പണികളും തീർത്തു ജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
കാടു തെളിച്ചാലും കെട്ടിടം തുറന്നു കൊടുക്കാത്തതിനാൽ വീണ്ടും കാട് വളരുന്ന സ്ഥിതിയാണ്.
മറുകരയിലും സഞ്ചാരികൾ
പെരുന്തേനരുവിയുടെ മറുകരയിലും സഞ്ചാരികളുടെ ബാഹുല്യമുണ്ട്. ജലവൈദ്യുത പദ്ധതിയും സംഭരണിയും വന്നതിനു പിന്നാലെയാണ് നാറാണംമൂഴി പഞ്ചായത്തിലുൾപ്പെട്ട മറുകരയിലേക്ക് ആളുകൾ കൂടുതലായി എത്തിത്തുടങ്ങിയത്. സഞ്ചാരികളുടെ വരവ് വർധിച്ചതോടെയാണ് ശുചിമുറി അടക്കമുള്ള സൗകര്യങ്ങൾ ഇവിടെ പണിതത്.
ശുചിമുറി സംവിധാനം ഇല്ലാത്തത് സ്ത്രീകളെയാണ് പലപ്പോഴും വലയ്ക്കുന്നത്. അരുവിയുടെ മറുകരയിൽ എത്തിയാൽ മാത്രമേ ടൂറിസം വകുപ്പ് സജ്ജീകരിച്ചിരിക്കുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ. ഇതിനായി ഒരു കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കേണ്ടതുമുണ്ട്.
അരുവിയും ഡാമും കാണാൻ എത്തുന്ന സഞ്ചാരികളിൽ ഏറെയും വനത്തിന്റെ ഭംഗികൂടി ആസ്വദിക്കാൻ തെരഞ്ഞെടുക്കുന്നതാകട്ടെ മറുകരയായ കുടമുരുട്ടി വനപാതയും. സഞ്ചാരികളായ സ്ത്രീകൾ കെഎസ്ഇബി വക ടോയ്ലെറ്റുകളാണ് ഉപയോഗിച്ചു വരുന്നത്.