വെള്ളം കുറവെങ്കിലും പുഴ നിറയെ അപായച്ചുഴികൾ; അവധിക്കാലം തീരാറാകുന്പോൾ അപകടപരന്പര
1298086
Sunday, May 28, 2023 10:59 PM IST
പത്തനംതിട്ട: തുടർച്ചയായ രണ്ടാംദിവസമാണ് പത്തനംതിട്ട ജില്ലയിൽ നദിയിലിറങ്ങിയ കുട്ടികൾ മുങ്ങിത്താഴുന്നത്. ശനിയാഴ്ച മല്ലപ്പള്ളിയിൽ കൂത്രപ്പള്ളി സ്വദേശിയായ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചതിനു പിന്നാലെ ഇന്നലെ വെട്ടൂരിലും അപകടമുണ്ടായി. അച്ചൻകോവിലാറ്റിലെ കടവിൽ രണ്ടു കുട്ടികളാണ് മരിച്ചത്. രണ്ടിടത്തും ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ കുട്ടികളാണ് കുളിക്കാനുള്ള ശ്രമത്തിൽ മുങ്ങിമരിച്ചത്. അവധിക്കാലം തീരാറാകുന്പോൾ കയങ്ങളിൽ കുട്ടികൾ മുങ്ങിത്താഴ്ന്നത് തീരാദുഃഖവുമായി.
ജില്ലയിലെ പ്രധാന നദികളിലെല്ലാം വെള്ളം കുറവെങ്കിലും കടവുകൾ പലയിടത്തും അപകടക്കെണിയാണ്. മുൻപരിചയമില്ലാതെ ഇറങ്ങുന്നവർ അപകടത്തിൽപെടാൻ സാധ്യതകളേറെയാണ്. ഇത്തരം അപകടങ്ങളാണ് മല്ലപ്പള്ളിയിലും വെട്ടൂരിലും ഉണ്ടായത്.
അച്ചൻകോവിലാറ്റിലെ പല കടവുകളും അപകടം നിറഞ്ഞതാണ്. സ്കൂൾ കുട്ടികൾ പലപ്പോഴും ഈ കടവുകളിൽ ഇറങ്ങാനായി എത്താറുണ്ട്. കോന്നി മുരിങ്ങമംഗലം കടവ്, പുളിമുക്ക് കടവ് അടക്കമുള്ള, വെട്ടൂർ ക്ഷേത്രകടവ് അടക്കമുള്ള സ്ഥലങ്ങളിൽ യാതൊരു സുരക്ഷാ മുന്നറിയിപ്പുകളും ഇല്ല. ശബരിമല മണ്ഡല കാലത്തും ബലിയിടൽ ചടങ്ങ് നടത്തുമ്പോഴും മാത്രമാണ് ഈ കടവുകളിൽ സുരക്ഷ ഒരുക്കുകയും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുകയും ചെയ്യുന്നത്. അല്ലാത്ത സമയങ്ങളിൽ കടവുകൾ വിജനമാണ്.
മണിമല, പന്പാനദികളിലും കടവുകളേറെയും അപകട സാധ്യതയുള്ളവയാണ്. കുട്ടികൾ സംഘം ചേർന്ന് നദീ തീരങ്ങളിൽ എത്തി കുളിക്കാനായി ഇറങ്ങുന്നത് പതിവുകാഴ്ചയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അപകടം ഉണ്ടായാൽപോലും പുറംലോകം അറിയാൻ വൈകും.