റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നവീകരണം ഇഴയുന്നതായി പരാതി
1298079
Sunday, May 28, 2023 10:54 PM IST
ഏഴംകുളം: സംസ്ഥാന സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ഏഴംകുളം പഞ്ചായത്തിലെ തൊടുവക്കാട് ഉഷസ് പടി -വെള്ളപ്പാറമുരുപ്പ് - പാറയിൽ - വടക്കേക്കര പള്ളി റോഡിന്റെ നിർമാണം ഇഴയുന്നതായി പരാതി.
സർക്കാർ ഫണ്ട് അനുവദിച്ച് രണ്ട് വർഷത്തിലേറെയായിട്ടും പദ്ധതി പൂർത്തീകരിക്കാനായിട്ടില്ല.
വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് ഏഴംകുളം പഞ്ചായത്ത് 2018ൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെത്തുടർന്നാണ് രണ്ട്, മൂന്ന്, നാല് വാർഡുകളിലൂടെ കടന്നുപോകുന്ന 2.25 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്.
ബിസി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. റോഡിനു സംരക്ഷണഭിത്തി നിർമാണം അപകടാവസ്ഥയിലായ കലുങ്കുകളുടെ പുനർനിർമാണം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിനാവശ്യമായ 2.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്. നവീകരണത്തിന് വേണ്ടി അഞ്ച് വർഷത്തേക്ക് റോഡ് സംസ്ഥാന സർക്കാരിന് ഏഴംകുളം പഞ്ചായത്ത് വിട്ടുനൽകുകയായിരുന്നു.
പാറയിൽ ജംഗ്ഷനിലുള്ള കെഐപി കനാലിനു കുറുകെയുള്ള കലുങ്ക് പൊളിച്ച് പുതിയത് നിർമിക്കുന്നതിനുള്ള അനുമതി ഇറിഗേഷൻ വകുപ്പ് നൽകാത്തതുമൂലം റോഡ് നവീകരണം നിലച്ചിരിക്കുകയാണ്. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിലൂടെ ഇരുചക്രവാഹനയാത്ര ദുഷ്കരമായിരിക്കുകയാണ്. ഓട്ടോറിക്ഷകളാകട്ടെ ഇതുവഴിയുള്ള യാത്ര നിർത്തിവച്ചു.
റോഡ് നവീകരണം വൈകുന്നത് സംബന്ധിച്ച് റീബിൽഡ് കേരള പദ്ധതിയുടെ കോട്ടയത്തെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ റോഡിൽ ടാറിംഗ് പ്രവൃത്തികൾ ചെയ്യാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ കരാറുകാരൻ ജോലി ആരംഭിച്ചിട്ടുമില്ല. കാലവർഷം എത്തുന്നതിനു മുന്പായി റോഡ് നവീകരണം പൂർത്തീകരിച്ചില്ലെങ്കിൽ ഇതുവഴിയുള്ള യാത്ര ഏറെ ദുരിതപൂർണമാകും.