നിർമാണ സാമഗ്രികളുടെ വില ഉയരുന്നത് ശരവേഗത്തിൽ; പ്രതിസന്ധി രൂക്ഷം
1261453
Tuesday, January 24, 2023 12:34 AM IST
പത്തനംതിട്ട: നിയന്ത്രണങ്ങളില്ലാതെ വിലക്കയറ്റം. ക്രഷർ ഉത്പന്നങ്ങളുടെ വില ഈ സാന്പത്തികവർഷം മൂന്നാംതവണയും കൂടി. പാറ ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാൻ ആർക്കും അധികാരമില്ലെന്നിരിക്കെ ക്രഷർ ഉടമകളുടെ ഇഷ്ടാനുസരണമാണ് വില ഉയർത്തുന്നത്. ഓരോ തവണയും അന്പതുശതമാനം കണ്ടുപോലും വില ഉയർത്താറുണ്ട്. തുടർച്ചയായുള്ള വിലക്കയറ്റം നിർമാണ മേഖലയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വില നിശ്ചയിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് ക്രഷർ ഉടകൾ കോടതി മുഖേന നേടിയ ഉത്തരവിന്റെ പിൻബലത്തിലാണ് ഇപ്പോഴത്തെ നടപടികൾ. മുന്പ് ജില്ലാ ഭരണകൂടം വിലയിൽ ഇടപെടുമായിരുന്നെങ്കിലും നിയമനപ്രശ്നങ്ങളുണ്ടായതോടെ പിൻവാങ്ങുകയായിരുന്നു.
സാന്പത്തികവർഷം അവസാനിക്കാറായിരിക്കേ ഉണ്ടായിരിക്കുന്ന വിലക്കയറ്റം കരാറുകാരെ ഏറെ വലയ്ക്കുന്നു. സർക്കാർ ആനുകൂല്യം ഉപയോഗിച്ച് സാധാരണക്കാർ നടത്തിവരുന്ന ഭവന നിർമാണം ഉൾപ്പെടെയുള്ള ജോലികളെയും ഇതു ബാധിച്ചു. കെട്ടിടം നിർമാണം അടക്കം കരാറെടുത്തവരും പ്രതിസന്ധിയിലാണ്.
വില തോന്നുംപടി
ജില്ലയിൽ ക്രഷർ ഉത്പന്നങ്ങളുടെ വിലയിൽ ഏകീകരണമില്ല. ക്രഷർ യൂണിറ്റുകളിൽ സാധനങ്ങൾ കയറ്റി വിടുന്പോൾ ഒരു അടിയുടെ വിലയാണ് ഈടാക്കി നൽകുന്നത്.
വാഹനത്തിന്റെ ശേഷി അനുസരിച്ച് ലോഡ് നിറയ്ക്കുകയാണ് പതിവ്. എന്നാൽ നിർമാണസ്ഥലങ്ങളിലെത്തുന്പോൾ ലോഡ് അനുസരിച്ചാണ് വില ഈടാക്കുന്നത്. വാഹനക്കൂലി അടക്കമുള്ള വിലയാണ് സൈറ്റിലെത്തുന്പോൾ വാങ്ങുന്നത്.
ഇതോടൊപ്പം കന്പി, സിമന്റ്, കട്ട എന്നിവയുടെ വിലയും വർധിച്ചുകൊണ്ടേയിരിക്കുകയാണ്. ബജറ്റിനു മുന്പായുള്ള ഈ വിലക്കയറ്റം അടുത്ത ഒരു വർധനയ്ക്കുള്ള സാധ്യത മുന്നിൽക്കണ്ടു തന്നെയാണ് നടത്തിയിട്ടുള്ളതെന്ന് പറയുന്നത്.എം സാൻഡ് - 70, പി. സാൻഡ് - 85, മെറ്റൽ - 55, പാറപ്പൊടി - 55 എന്നിങ്ങനെയാണ് ഒരു അടിക്ക് വില ഈടാക്കുന്നത്.
ഇവ സാധാരണ ടിപ്പറിന് സൈറ്റിലെത്തുന്പോൾ എം സാൻഡിന് ലോഡ് ഒന്നിന് 12500 - 13500 രൂപവരെ നൽകണം. പി. സാൻഡ് ആകുന്പോൾ 14000 രൂപയ്ക്കു മുകളിലാകും വില. പാറക്കല്ലിന് 7500 രൂപയാണ് ലോഡുവില. മെറ്റലിന് 8250 രൂപ നൽകണം. കന്പിക്ക് കിലോഗ്രാമിന് 97 രൂപയും സിമന്റിന് 405 രൂപയുമാണ് വില.
അമിതലോഡിന്റെ പേരിൽ നടപടികൾ
അമിതഭാരവുമായി വരുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടികളുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തുണ്ട്. വൻ പിഴയാണ് ഈടാക്കുന്നത്. പല വാഹനങ്ങളും അമിതലാഭം പ്രതീക്ഷിച്ച് ലോഡ് കയറ്റുന്നതായ പരാതികളുടെ പേരിലാണിത്.
മണ്ണ് കടത്തുമായി ബന്ധപ്പെട്ടും നിരവധി പരാതികളുയർന്നിരുന്നു. ഒരു പാസിന്റെ മറവിൽ വ്യത്യസ്ത സ്ഥലങ്ങളിലെത്തി മണ്ണ് കടത്തുന്നുവെന്ന പരാതികളാണുണ്ടായത്. നിശ്ചിത അളവിലേക്ക് മണ്ണ് നീക്കാൻ ലഭിക്കുന്ന പാസുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്.