മാർ ഈവാനിയോസിന്റെ തീർഥാടന പദയാത്രയ്ക്ക് തുടക്കം
1575124
Saturday, July 12, 2025 6:23 AM IST
കൊല്ലം: മാർ ഈവാനിയോസിന്റെ72-ാമത് ഓർമ തിരുനാളിനോട് അനുബന്ധിച്ച് എംസിവൈഎം കൊല്ലം വൈദിക ജില്ലയുടെ നേതൃത്വത്തിൽ മാർ ഈവാനിയോസിന് കബറിങ്കലേക്ക് നടത്തുന്ന തീർഥാടന പദയാത്ര തങ്കശേരി അരമന ചാപ്പലിൽ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ.മാത്യൂസ് മാർ പോളികാർപ്പസ് വിശുദ്ധ കുർബാന അർപ്പിച്ച് തുടക്കം കുറിച്ചു.
കൊല്ലം ലത്തീൻ രൂപത അധ്യക്ഷൻ പോൾ ആന്റണി മുല്ലശേരി പദയാത്ര ഉദ്ഘാടനം ചെയ്തു.
മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസ്, മാവേലിക്കര ഭദ്രാസന മുൻ അധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കൊല്ലം ലത്തീൻ രൂപത അധ്യക്ഷൻ പോൾ ആന്റണി മുല്ലശേരി, കൊല്ലം രൂപത മുൻ അധ്യക്ഷൻ ഡോ. സ്റ്റാൻലി റോമൻ എന്നിവർ വള്ളികുരിശ് അനുഗ്രഹിച്ച് ആശീർവദിച്ചു.
വള്ളികുരിശ് എം സി വൈ എം കൊല്ലം വൈദിക ജില്ലാ പ്രസിഡന്റ് ഇൻ ചാർജ് അനന്യ യോഹന്നാനും, എംസിവൈഎം പതാക കൊല്ലം വൈദിക ജില്ലാ സെക്രട്ടറി അലീന തോമസിനും തുടർന്ന് കൈമാറി. മാർ ഈവാനിയോസിന്റെ കബറിങ്കലേക്കുള്ള തീർഥാടന പദയാത്രയ്ക്ക് കൊല്ലം ലത്തീൻ രൂപത മുൻ അധ്യക്ഷൻ ഡോ. സ്റ്റാലിൻ റോമൻ, എംസിവൈഎം കൊല്ലം വൈദിക ജില്ലയ്ക്ക് വേണ്ടി ഡയറക്ടർ ഫാ. ജോൺ കടുവിങ്കൽ എന്നിവർ പ്രസംഗിച്ചു.
മാർ ഈവാനിയോസിന്റെ തീർഥാടന പദയാത്രയ്ക്ക് ആയൂരിൽ സ്വീകരണം
ആയൂർ : മലങ്കര കത്തോലിക്കാ സഭയുടെ ആദ്യത്തെ മെത്രാപ്പോലീത്തയും, പുനരൈക്യ പ്രസ്ഥാന ശില്പിയുമായ മാർ ഈവാനിയോസിന്റെ 72-ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് പദയാത്രകളെ ഇന്ന് വൈകുന്നേരം ആയൂരിൽ സ്വീകരിക്കും .ആയൂർ സെന്റ്മേരീസ് കത്തോലിക്കാ പള്ളിയിൽ ഒരുക്കങ്ങൾ പൂർത്തിയായി .മുഴുവൻ തീർഥാടകർക്കും ഭക്ഷണവും താമസസൗകര്യവും ദേവാലയത്തിലും ചെറുപുഷ്പം സെൻട്രൽ സ്കൂളിലുമായി ക്രമീകരിക്കും .
പുനലൂർ, അഞ്ചൽ,കുളത്തൂപ്പുഴ ഓടനാവട്ടം, പ്രദേശത്തുള്ള തീർഥാടകർ റാന്നി പെരുനാട്ടിൽ നിന്നും മൂവാറ്റുപുഴ,തിരുവല്ല പ്രദേശങ്ങളിൽ നിന്നുമുള്ള പ്രധാന തീർഥാടകരുമായി, ആയൂരിൽ സംഗമിക്കും.13ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം തിരിച്ചു പിരപ്പൻകോടും 14ന് പട്ടം കബറിങ്കലും എത്തിച്ചേർന്ന് മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കെടുക്കും.
തുടർന്ന് 15ന് നടക്കുന്ന സമാപന ശുശ്രൂഷകളിൽ പങ്കുചേരും. ആയൂരിൽ സ്വീകരണങ്ങൾക്ക് വികാരി ഫാ.ജോൺ അരീക്കൽ, ഫാ.അരുൺ ഏറത്ത്, ഫാ.ജോൺ പാലവിള, സി.എ .ചാക്കോ, രാജൻ തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് ജില്ലാ പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജേക്കബ് കളപ്പുരയ്ക്കൽ അറിയിച്ചു.