യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം മൊട്ടയടിച്ചു
1575119
Saturday, July 12, 2025 6:08 AM IST
പേരൂര്‍ക്കട: യുവാവിനെ സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ മണ്ണന്തല പോലീസ് പിടികൂടി.
നാലാഞ്ചിറ അക്ഷയ ഗാര്‍ഡന്‍സ് അമരത്തില്‍ കാപ്പിരി ജിതിന് എന്നുവിളിക്കുന്ന ജിതിന് (35), മെഡിക്കല്‍കോളജ് സ്വദേശി സച്ചു (27), മരുതൂര്‍ മങ്കാരം സ്വദേശി ജ്യോതിസ് (20) എന്നിവരാണ് പിടിയിലായത്. എട്ടിനായിരുന്നു കേസിന്നാസ്പദമായ സംഭവം.
മെഡിക്കല്‍കോളജ് സ്വദേശി അബ്ദുള്ള (20) യെയാണ് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും മൊട്ടയടിക്കുകയും ചെയ്തത്. സംഭവദിവസം ചാക്കയില്‍ സുഹൃത്തിനെ വിളിക്കാന്‍ എത്തിയ അബ്ദുള്ളയെ സ്കൂട്ടറിലെത്തിയ പ്രതികള്‍ ബലംപ്രയോഗിച്ച് കൊണ്ടുപോകുകയും നാലാഞ്ചിറ കുരിശടിയിലുള്ള ഇടവഴിയില്‍ വച്ച് കമ്പികൊണ്ട് മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. പിന്നീട് ഇയാളെ തിരികെ ചാക്കയില്‍ കൊണ്ടുവിട്ടു.
സംഭവം അബ്ദുള്ള പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ മറ്റൊരു ദിവസം വീണ്ടും അബ്ദുള്ളയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ വട്ടിയൂര്‍ക്കാവിലെ ഒരു ഫാമിനുള്ളില്വച്ച് ക്രൂരമായി ആക്രമിക്കുകയും തലമുടി മുഴുവന്‍ മുറിച്ചുകളയുകയും ചെയ്യുകയായിരുന്നു. പ്രതികളുടെ സംഘത്തില്‍പ്പെട്ട ജ്യോതിസ് എന്നയാളെ എക്സൈസ് സംഘത്തിന് കാട്ടിക്കൊടുത്തതിലുള്ള വിരോധമായിരുന്നു ആക്രമണത്തിനു കാരണം. കഴിഞ്ഞവര്‍ഷം നവംബറില്‍ കഞ്ചാവുമായി ജ്യോതിസിനെ എക്സൈസുകാര് പിടികൂടിയിരുന്നു.
മണ്ണന്തല സിഐ വി. കണ്ണന്, എസ്.ഐ ആര്.എസ് വിപിന്‍, സി.പി.ഒമാരായ വിനോദ്, അനീഷ്, പ്രദീപ്, പ്രശാന്ത്, സജിത്ത്, പാര്ത്ഥന് എന്നിവര്‍ ചേര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍കൂടി ഇനി പിടിയിലാകാനുണ്ട്. വട്ടിയൂര്‍ക്കാവില്‍ പ്രതികള്‍ യുവാവിനെ എത്തിച്ച ഫാം ഹൗസ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.