സിപിഐയിൽ ഭിന്നത രൂക്ഷം; കടയ്ക്കൽ മണ്ഡലം സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
1601552
Tuesday, October 21, 2025 3:32 AM IST
കൊല്ലം: ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ജെ.സി. അനിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു.
സാന്പത്തിക തിരിമറി കൂടാതെ പാര്‍ട്ടിയെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും സമ്മര്‍ദത്തിലാക്കാനും ബോധപൂര്‍വം ശ്രമം നടത്തിയെന്ന് ആരോപിച്ചാണ് നടപടി.
എംഎന്‍ സ്മാരക നവീകരണത്തിനായി നടത്തിയ ഫണ്ട് ശേഖരണം ജില്ലയിലെ പാര്‍ട്ടി സഖാക്കള്‍ വളരെ വൈകാരികമായിട്ടാണ് ഏറ്റെടുത്തത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പണം സമാഹരിക്കുകയും ചെയ്തു. എന്നാല്‍ കടയ്ക്കല്‍ മണ്ഡലത്തില്‍ സമാഹരിച്ച തുക മണ്ഡലം സെക്രട്ടറിയായിരുന്ന ജെ.സി. അനില്‍ തിരിമറി നടത്തിയതായും ജില്ലാകൗൺസിൽ ആരോപിക്കുന്നു. ഇക്കാര്യം ഗൗരവമായി പാര്‍ട്ടി ഡിസി പരിശോധിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രാഥമിക നടപടി എന്ന നിലയില്‍ മണ്ഡലം സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.
സംഘടനാ നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ മണ്ഡലം കമ്മിറ്റി ചേര്‍ന്നപ്പോൾ കൂടുതല്‍ ക്രമക്കേടുകള്‍ ഇദ്ദേഹത്തിനെതിരെ പാര്‍ട്ടി സഖാക്കള്‍ ഉന്നയിച്ചു. തുടര്‍ന്ന് അതേപ്പറ്റി അന്വേഷിക്കാന്‍ കെ.രാജു കണ്‍വീനറായും ആര്.എസ്. അനില്‍, എം. എസ്. താര എന്നിവര്‍ അംഗങ്ങളായും കമ്മിഷനെ ഡിസി ചുമതലപ്പെടുത്തിയത്. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് കണ്ടെത്തുകയായിരുന്നു.
പാര്‍ട്ടിയെ വെല്ലുവിളിച്ചുകൊണ്ട് സമാന്തര പ്രവര്‍ത്തനം നടത്തി പാര്‍ട്ടി സഖാക്കളെ തെറ്റിദ്ധരിപ്പിക്കാനും പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപനം നടത്താനും അദ്ദേഹം കാട്ടിയ നീക്കം ഗുരുതരമായ സംഘടനാ വീഴ്ചയാണെന്നും പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്റെ സ്ഥാനം ദുര്‍വിനിയോഗം ചെയ്യുകയാണ് അദ്ദേഹം ചെയ്തതെന്നും ഡിസി വിലയിരുത്തി.
യോഗത്തില്‍ എം.സി. ബിനുകുമാര്‍ അധ്യക്ഷത വഹിച്ചു. ഉപരികമ്മിറ്റിയില്‍ നിന്ന് ആര്. രാജേന്ദ്രന്, മന്ത്രി ജെ. ചിഞ്ചുറാണി, മുല്ലക്കര രത്നാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.