മൊസാംബിക് ബോട്ടപകടം: കാണാതായ തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
1601554
Tuesday, October 21, 2025 3:32 AM IST
ചവറ : ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മറിഞ്ഞ് കാണാതായതേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം തേവലക്കര നടുവിലക്കര ഗംഗാ ഭവനില്‍ രാധാകൃഷ്ണന്റെയും ഷീലയുടെയും മകന് ശ്രീരാഗ് രാധാകൃഷ്ണന്റെ (36) മൃതദേഹമാണ് കണ്ടെത്തിയയെന്ന് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ബന്ധുക്കള്‍ക്ക് വിവരം കിട്ടി.
ഇറ്റലി ആസ്ഥാനമായിട്ടുള്ള സ്കോര്‍പ്പിയോ ഷിപ്പിംഗ് കമ്പനിയിലെ സ്വീ ക്വസ്റ്റ് എന്ന കപ്പലിലെ ഇലക്ട്രോ ഓഫീസറായിട്ടായിരുന്നു ശ്രീരാഗിന് ജോലി.ഏഴു വർഷമായി കപ്പലിലാണ് ജോലി. മൊസാംബിക്കിൽ ജോലിക്ക് കയറിയിട്ട് മൂന്നു വർഷമായി. ആറു മാസമായി നാട്ടിലുണ്ടായിരുന്ന ശ്രീരാഗ് ഈ മാസം ആറിനാണ് വീണ്ടും മൊസാംബിക്കിലേക്ക് പോയത്.
ബോട്ട് മറിഞ്ഞ് ശ്രീരാഗിനെ കാണാതായതിനെ തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇടപെട്ടു. മൊസാമ്പിക്കിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി വരുന്നതിനിടയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൊസാംബിക്കടുത്ത് ബെയ്റ എന്ന സ്ഥലത്ത് തുറമുഖത്തിനകലെ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്ക് പോയ ഇന്ത്യക്കാരുള്‍പ്പടെ 21 അംഗ സംഘം സഞ്ചരിച്ച ബോട്ടായിരുന്നു മുങ്ങിയത്.ഇതില്‍ 15 പേര് രക്ഷപെട്ടിരുന്നു. തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം നേരത്തെ കണ്ടു കിട്ടിയിരുന്നു.ശേഷിച്ച മൂന്നുപേര്‍ക്കായി തെരച്ചില്‍ നടത്തി വരുകയായിരുന്നു അപകടം അറിഞ്ഞ ഉടന്‍ തന്നെ ശ്രീരാഗിന്റെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടുവരികയായിരുന്നു. ഭാര്യ ജിത്തു. നാല് വയസുള്ള അതിഥി മോന്, ആറ് മാസം പ്രായമായ അനശ്വര്‍ എന്നിവരാണ് മക്കള്‍.
ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതശരീരം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയയ്ക്കുവാന് പോലീസിന് കൈമാറിയസാഹചര്യത്തിൽ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഷിപ്പിംഗ് ഡയറക്ടറേറ്റിന്റെ ചെലവില്‍ നാട്ടിലേക്ക് അയയ്ക്കുവാനുള്ള നടപടി സ്വീകരിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എംപി വാർത്താകുറിപ്പിൽ അറിയിച്ചു.
കുടുംബത്തിന് ആശ്വാസധനസഹായം അടിയന്തിരമായി വിതരണം ചെയ്യുമെന്നും എംപി യുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ശ്രീരാഗ് രാധാകൃഷ്ണന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് കുടുംബത്തിന് നഷ്ടപരിഹാരം നല്കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികാരികളോട് ആവശ്യ പ്പെട്ടു.