മരണത്തെ മുഖാമുഖം കണ്ട് ലൈഫ് ഗാർഡുകൾ
1601556
Tuesday, October 21, 2025 3:32 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം: കൊല്ലം ബീച്ചൊരു അമ്യൂസ്മെന്റ് പാർക്കല്ല, സൂക്ഷിച്ചില്ലെങ്കിൽ ഇതൊരു അപകടമുനന്പാണ്. തിരകണ്ട് മതിമറന്നു കടലിലേക്കു ചാടുന്നവരും കടലിലേക്കു കുളിക്കാനും കാലു നനയ്ക്കാനും ഇറങ്ങുന്നവരും അറിയുന്നില്ല മുന്നിലെ അപകടം. ജീവന്റെ കാവലാളുകളായി ലൈഫ്ഗാർഡുകൾ ഇവിടെ മുന്നിൽനിൽക്കുന്നതുകൊണ്ടാണ് പലരും രക്ഷപ്പെടുന്നത്.
ആത്മഹത്യചെയ്യാൻ കടലിലേക്കു ചാടിയവരെയും കാലുനനയ്ക്കാൻ തുള്ളിച്ചാടി ഇറങ്ങിയവരെയും കടലമ്മ മാടിവിളിച്ചപ്പോൾ രക്ഷിക്കാൻ ലൈഫ് ഗാർഡുകൾ മാത്രമേയുണ്ടായിരുന്നുള്ളു. സ്വർണമണൽപ്പരപ്പുകളാൽ സന്പന്നമായ കൊല്ലം ബീച്ചിലെത്തുന്ന സഞ്ചാരികൾ മുന്നറിയിപ്പ് നിർദേശമൊന്ന് വായിച്ചാൽ മതി അപകടം കുറയും. പാഞ്ഞുവരുന്ന തിരകളിൽ സെൽഫി എടുക്കുന്നവരുടേയും കുളിക്കാനായി എടുത്തുചാടുന്നവരുടേയും ജീവൻ സംരക്ഷിക്കുന്നത് ലൈഫ് ഗാർഡുകളാണ്.
ഇവർക്കു നമ്മൾ ഒരു വിലയും നൽകാറില്ലെങ്കിലും ഇവർ നമ്മുടെ ജീവനെ പൊന്നുപോലെയാണ് സംരക്ഷിക്കുന്നത്. കണ്ണും കാതും തുറന്നുവച്ചു ഓരോ സഞ്ചാരികളെയും നിരീക്ഷിച്ചു ഒരു പോറൽപോലും ഏൽക്കാതെ തിരിച്ചയ്ക്കാനാണ് ഇവർ ശ്രമിക്കുന്നത്.
കൊല്ലം ബീച്ചിൽ ഏഴു ലൈഫ് ഗാർഡുകൾ മാത്രമേയുള്ളൂ. ഇത്രയും അപകടം പിടിച്ച മേഖലയിൽ ഗാർഡുകൾ കുറവാണ്. ഒരു ദിവസം നാലുപേരുടെ സേവനമാണ് ലഭിക്കുന്നത്. കൊല്ലം ബീച്ചിൽ എം.കെ. പൊന്നപ്പൻ, എസ്. അന്പിളി, ആന്റണി ജോൺസൺ, ഷാജി ഫ്രാൻസീസ്, സുരേഷ് ബാബു, പ്രഭുകുമാർ, യു. ഉണ്ണിക്കുട്ടൻ, അഴീക്കൽ ബീച്ചിൽ എസ്.അനിൽകുമാർ, എസ്. സതീഷ്കുമാർ എന്നിവരാണ് ലൈഫ് ഗാർഡുകളായിട്ടുള്ളത്. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ഇവരുടെ സേവനം ബീച്ചിലുണ്ട്.
30 വർഷമായി ഇവിടെ സേവനം ചെയ്യുന്ന എം.കെ. പൊന്നപ്പൻ മുതൽ കഴിഞ്ഞയിടെ എത്തിയ ഉണ്ണിക്കുട്ടൻവരെ ഇവിടെ സേവനം ചെയ്യുന്നു. കഴിഞ്ഞ 20 വർഷംകൊണ്ടു 600 പേരുടെ ജീവൻ ഇവർ രക്ഷിച്ചു. ഇതൊന്നും ഇവർ കഥ പറയുന്നതല്ല. രേഖപ്പെടുത്തിയിരിക്കുന്ന സത്യമാണ്. ഇവർക്കെല്ലാം കടലോളം സങ്കടം പേറുന്നവരാണ്. ഇവരെല്ലാം ഇപ്പോഴും ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. ഒരു ആനുകൂല്യവും നൽകാറില്ല.
ബീച്ചിലെ തെരുവുനായ്ക്കളുടെ കടിപോലും കിട്ടിയവരുണ്ട്. എന്ത് അപകടം സംഭവിച്ചാലും പിറ്റേന്ന് ജോലിക്കുവന്നില്ലെങ്കിൽ ശന്പളമില്ല.
ഇഎസ്ഐയോ പിഎഫോ തുടങ്ങിയ ആനുകൂല്യമൊന്നുമില്ല. നാളെവരണ്ട എന്നു പറഞ്ഞാൽ വെറുംകൈയോടെ ഇറങ്ങി പോകണം. കഴിഞ്ഞ മാർച്ചിൽ 13 പേരെ പറഞ്ഞുവിട്ടു. ഇൻഷൂറൻസ് പരിരക്ഷയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ കഴിയുന്നത്. സംസ്ഥാന അവാർഡുകളും അനുമോദനങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ജോലിക്കുസുരക്ഷ ലഭിക്കുന്നില്ല.
ദിവസക്കൂലിയായി 800 രൂപയാണ് ലഭിക്കുന്നത്. ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ അവകാശസമരമെല്ലാം നടത്തി. ഒരു പ്രയോജനവുമില്ലെന്നുമാത്രം. തൊഴിൽസുരക്ഷ, മാന്യമായ ശന്പളം, സുരക്ഷ ഉപകരണങ്ങൾ എന്നിവയുണ്ടാകണമെന്നാണ് ഇവരുടെ ആഗ്രഹം. പോലീസിന്റെയും നാട്ടുകാരുടെയും സഹായം ലഭിക്കുന്നതുകൊണ്ടാണ് പലപ്പോഴും ഇവർ മദ്യപാനികളിൽ നിന്നും രക്ഷപ്പെടുന്നത്. എന്നിട്ടും പലപ്പോഴും മർദനമേറ്റിട്ടുണ്ട്. പലരും അപമാനിച്ചിട്ടുണ്ട്. പരിഹസിക്കാറുണ്ട്. എന്നിട്ടും ഇവർ ആരോടും വിരോധമില്ലാതെ ജോലി ചെയ്യുന്നു.
ആഞ്ഞടിക്കുന്ന തിരമാലകൾ
കേരളത്തിലെ ബീച്ചുകളിൽ ഏറ്റവും അപകടകരമായ ബീച്ചാണ് കൊല്ലം ബീച്ച്. ഇത്രശക്തമായ തിരമാലകൾ ആഞ്ഞടിക്കുന്ന മറ്റൊരു ബീച്ചില്ലെന്ന് ഇവർ പറയുന്നു.
മറ്റുള്ള ബീച്ചുകളിൽ 50 മീറ്റർഅകലെ കടലിലാണ് തിരയടിക്കുന്നത്. എന്നാൽ കൊല്ലംബീച്ചിൽ തീരത്ത് തിര അടിക്കുകയാണ്. 20 അടിമുതൽ 40 അടിവരെ ആഴമുള്ള കടലാണ് ബീച്ചിനോടു ചേർന്നുള്ളത്. കടൽ കരകവർന്നോടെ ബീച്ചിൽനിന്നും കാലുനനച്ചു കടലിലേക്ക് നടന്നാൽ 12 അടി താഴ്ച്ചയിലേക്കു പോകും. ഒരാൾ കടലിലേക്കു മുങ്ങിപോയാൽ കാണാൻപോലും സാധിക്കാത്ത അവസ്ഥയുണ്ടെന്നും ഇവർ പറയുന്നു. ഈ അപകടമുനന്പിൽനിന്നാണ് വടംകെട്ടിതിരിച്ചു ഇവർ പറയുന്നത് ഇതൊരു അമ്യൂസ്മെന്റ് പാർക്കല്ല. കൊല്ലം ബീച്ചാണെന്ന് ആര് കേൾക്കാൻ.