നാടിന്റെ തീരാദുഃഖമായി ശ്രീരാഗ്
1601541
Tuesday, October 21, 2025 3:32 AM IST
ചവറ: ജീവനോടെ തിരികെ എത്തും എന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഗ്രാമത്തിനും കുടുംബത്തിനും തീരാദുഃഖമായി ശ്രീരാഗിന്റെ മരണം.ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് അപകടത്തിലാണ് ശ്രീരാഗ് കാണാതായത്. ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
നാടും കുടുംബവും ഏറെ പ്രതീക്ഷയോടും പ്രാർഥനയോടും കൂടിയാണ് ശ്രീരാഗിന്റെ തിരിച്ചുവരവിനായി കാത്തിരുന്നത്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയ വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.
സംഭവമറിഞ്ഞ് ബന്ധുക്കളും നിരവധി ആൾക്കാരും ആശ്വാസ വാക്കുകളുമായി വീട്ടിൽ എത്തി.
അപകടത്തിൽ മരിച്ച ശ്രീരാഗ് ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു. ആറുമാസം മുമ്പ് രണ്ടാമത്തെ കുഞ്ഞിനെ കാണാനായിട്ടാണ് നാട്ടിലെത്തിയിരുന്നത്. തുടർന്ന് ഈ മാസം ആറിനാണ് തിരിച്ച് ജോലിസ്ഥലത്തേക്ക് മടങ്ങിയത്. കപ്പലിലെ ഇലക്ട്രോ ഓഫീസറായിട്ടാണ് ശ്രീരാഗ് ജോലി ചെയ്തു വന്നിരുന്നത്.
അപകടത്തിന്റെ തലേദിവസം ശ്രീരാഗുമായി കുടുംബങ്ങൾ സംസാരിച്ചിരുന്നു. അടുത്തദിവസം പുതിയ ജോലിസ്ഥലത്തേക്ക് പോകുമെന്ന് ബന്ധുക്കളോട് പറയുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായ ഉണ്ടായ മരണം എല്ലാ അർഥത്തിലും നാടിനെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.