വിദ്യാലയങ്ങളിൽ പച്ചക്കറിത്തോട്ടം ഈമാസം ആരംഭിക്കും: പി.സി. വിഷ്ണുനാഥ്
1459513
Monday, October 7, 2024 6:21 AM IST
കുണ്ടറ: കുണ്ടറ നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികളുടെ പച്ചക്കറികൃഷി പദ്ധതി ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു. എംഎൽഎ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായി.
അധ്യാപകർ, പ്രദേശത്തെ കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ കൃഷിവകുപ്പിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ മട്ടുപ്പാവിലും പറമ്പിലും നടത്തുന്ന കൃഷിയിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ പ്രഭാത- ഉച്ചഭക്ഷണത്തിന് ഉപയോഗിക്കും. ഇതിനായി പ്രത്യേക ഫണ്ട് അനുവദിക്കുമെന്ന് കൃഷി മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
കുട്ടികളുടെ ഒഴിവ് സമയത്തെ ശ്രദ്ധ മറ്റ് പ്രവർത്തനങ്ങളിലേക്ക് തിരിയാതിരിക്കാനും കൃഷിയെ കൂടുതൽ അടുത്തറിയാനും പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് അധ്യക്ഷത വഹിച്ച പി.സി. വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.
വകുപ്പ് ഉദ്യോഗസ്ഥരായ തസ്നി ഷെരീഫ്, ടെസി റെയ്ച്ചൽ തോമസ്, എ. ബിനീഷ്, റസിയ ഷെറിഫ്, സുമി മോഹൻ, അനുഷ്ക, അഞ്ജന, ആഗ്നസ് ആരാധന എന്നിവർ പ്രസംഗിച്ചു.