കുന്നത്തൂർ കെഎസ്ആർടിസി ഡിപ്പോ ഇനി ഓർമകളിൽ മാത്രം
1454671
Friday, September 20, 2024 5:55 AM IST
ശാസ്താംകോട്ട: കുന്നത്തൂരിൽ കെഎസ്ആർടിസി ഡിപ്പോ ഓർമകളിൽ മാത്രമാകും. ഡിപ്പോയ്ക്കായി ചെലവഴിച്ച കോടികൾ പാഴായി.ഒരോ നിയമസഭാ മണ്ഡലത്തിലും ഓരോ കെഎസ്ആർടിസി ഡിപ്പോ എന്ന നയത്തിന്റെ ഭാഗമായാണ് 2010 ൽ ശാസ്താംകോട്ടയിൽ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ ആരംഭിച്ചത്.
ഇതിനായി പഞ്ചായത്തിലെ ചന്ത പ്രവർത്തിച്ചിരുന്ന 40 സെന്റ് റവന്യൂ ഭൂമി ഡിപ്പോയ്ക്ക് വിട്ടു നൽകി. ശാസ്താംകോട്ടയിലെ വ്യാപാരി വ്യവസായികൾ 10 ലക്ഷം രൂപ ചെലവഴിച്ച് ഓഫീസ് കെട്ടിടവും പണിത് നൽകി. ഓപ്പറേറ്റിംഗ് സെന്റർ അല്ലെന്നും ഡിപ്പോ ആയി ഉദ്ഘാടനം നടത്തുന്നതായും അന്നത്തെ ഗതാഗത മന്ത്രി എൻ. ശക്തൻ പ്രഖ്യാപിക്കുകയും ചെയ്തു.
ഒരു സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ ഓഫീസ് സംവിധാനവും പുതിയ ചില സർവീസുകളും പ്രഖ്യാപിച്ച് പ്രവർത്തനം ആരംഭിച്ചു. പിന്നീട് ബസ് ബേക്കായി കോവൂർ കുഞ്ഞുമോൻ എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കി.
ഗാരേജ് വേണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ശാസ്താംകോട്ട പഞ്ചായത്ത് ഏറ്റെടുക്കുകയും സമീപ പഞ്ചായത്തുകളുടെ സഹകരണത്തോടെ വസ്തു വാങ്ങുകയും ചെയ്തു. ഈ ഭൂമിയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ചെലവഴിച്ച് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നൽകി. ഇതിനിടയിൽ കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ഡിപ്പോയുടെ പ്രവർത്തനം നിലച്ചു.
വർഷങ്ങളായി ഈ സ്ഥിതി തുടർന്ന് വരികയാണ്. ഇപ്പോൾ ഓഫീസിനായി നിർമിച്ച കെട്ടിടത്തിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ താത്ക്കാലിക സംവിധാനങ്ങളും മറ്റ് സ്ഥലങ്ങളിൽ വാഹന പാർക്കിംഗിനും ഉപയോഗിക്കുന്നു. ഗാരേജിനായി നിർമിച്ച കെട്ടിടത്തിൽ ശാസ്താംകോട്ട പഞ്ചായത്തിന്റെ എംസിഎഫ്എലും പ്രവർത്തിക്കുന്നു.
ഇതിനിടയിലാണ് ഡിപ്പോയ്ക്കായി വിട്ടുകൊടുത്ത സ്ഥലം ഇപ്പോഴും റവന്യൂ വകുപ്പിന്റെ കൈയിലും ഗാരേജിന് വാങ്ങിയ സ്ഥലം പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുമാണന്ന വിവരം പുറത്തറിയുന്നത്.
അടുത്ത കാലത്തായി ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഉൾപ്പെടെ 80 സെന്റ് സ്ഥലം താലൂക്ക് ആശുപത്രി വികസനത്തിന് സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. മുന്പ് ചന്ത പ്രവർത്തിച്ചിരുന്നിടത്ത് ചന്ത പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഇതോടെ കുന്നത്തൂരിലെ കെഎസ്ആർസി ഡിപ്പോ എന്ന സ്വപ്നം എന്നേക്കുമായി അവസാനിക്കുകയാണ്.